പത്തനംതിട്ട: നൗഷാദ് തിരോധാന കേസിലെ പൊലീസ് നടപടികളില്‍ വകുപ്പുതല അന്വേഷണത്തിന് ദക്ഷിണ മേഖല ഡിഐജിയുടെ നിര്‍ദ്ദേശം. പത്തനംതിട്ട ജില്ലാ അഡീഷണല്‍ എസ്പി ആര്‍ പ്രദീപ്കുമാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. പൊലീസ് മര്‍ദ്ദിച്ച് കൊലക്കുറ്റം കെട്ടിവയ്ക്കാന്‍ ശ്രമിച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന ആരോപണം ഉന്നയിച്ചിരുന്നു.
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നാണ് നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ ആരോപണം. പൊലീസ് തന്നെ കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നില്‍ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്‌സാന ആരോപിക്കുന്നു. കൂടല്‍ പൊലീസിനും ഡിവൈഎസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്‌സാന ഉന്നയിക്കുന്നത്. ശക്തമായ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഉടന്‍ പരാതി നല്‍കും.
നൗഷാദ് തിരോധാന കേസില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റത്തിന് റിമാന്‍ഡില്‍ ആയിരുന്നു അഫ്‌സാന. ജയില്‍ മോചിതയായ ശേഷമാണ് പൊലീസിനെതിരെ ആരോപണവുമായി അഫ്‌സാന രംഗത്തെത്തിയത്. അതേസമയം അഫ്‌സാനയുടെ ജീവിതം പൊലീസ് തകര്‍ത്തു എന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍ അഫ്‌സാന ഉന്നയിച്ച് ആരോപണങ്ങള്‍ പൊലീസ് പൂര്‍ണമായി തള്ളുകയാണ്. തിരോധാന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപോള്‍ അഫ്‌സാനയാണ് പരസ്പരവിരുദ്ധമായ മൊഴി നല്‍കിയത്. മര്‍ദ്ദിച്ചുവെന്ന ആരോപണം പച്ചക്കള്ളമാണെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നു.