BREAKINGKERALA
Trending

പക്ഷിപ്പനി; നാലു ജില്ലകളില്‍ കോഴി, താറാവ് വളര്‍ത്തലിന് നിരോധനം

പക്ഷിപ്പനിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നാലു ജില്ലകളില്‍ കോഴി, താറാവ് വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം. ഡിസംബര്‍ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോഴി താറാവ് വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തി. കൂടാതെ പത്തനംതിട്ടയില്‍ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുന്‍സിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കോഴി താറാവ് വളര്‍ത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിര്‍ദേശം. 2009ലെ മൃഗങ്ങളിലെ പകര്‍ച്ചവ്യാധികള്‍ തടയല്‍, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.
പ്രദേശത്തെ ചെറുകിട കര്‍ഷകരെയാണ് വിജ്ഞാപനം ബാധിക്കുക.
പക്ഷിപ്പനിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയില്‍ ഈ വര്‍ഷം താറാവും കോഴിയുമുള്‍പ്പെടെ ഒന്നര ലക്ഷത്തിലേറെ പക്ഷികള്‍ നഷ്ടമായിരുന്നു. 2.64 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാല്‍ പക്ഷിപ്പനി അകന്നതോടെ ദുരിതങ്ങള്‍ കഴിഞ്ഞെന്ന് കരുതിയതാണ് കര്‍ഷകര്‍. ഓണക്കാല എത്തിയതോടെ പുതിയ നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
പക്ഷിപ്പനി പിടിപ്പെടുമ്പോള്‍ സാധാരണ മൂന്ന് മാസമാണ് നിയന്ത്രണം വരാറുള്ളത്. Í അതനുസരിച്ച് ജൂണില്‍ പക്ഷിപ്പനി വന്ന ഇടങ്ങളില്‍ സെപ്റ്റംബരോടെ പക്ഷി വളര്‍ത്തല്‍ പുനരാരംഭിക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ നിരോധനം വന്നതോടെ ഇനി നാലു മാസത്തേക്ക് കൂടി വരുമാനം ഇല്ലാത്ത അവസ്ഥയാകും.
ഇപ്പോഴുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നാണ് കര്‍ഷകരുടെ വാദം. ഇത് ഒഴിവാക്കി സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പക്ഷിപ്പനയുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടാനുണ്ട്. അത് കിട്ടിയാല്‍ ഉടനെ ഈ വര്‍ഷത്തെ നഷ്ടപരിഹാരം നല്‍കുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

Related Articles

Back to top button