ന്യൂ ഡല്‍ഹി: കോവിഡ് കാലത്ത് ഡല്‍ഹിയില്‍ പടക്കം നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോവിഡിന് ശേഷം വായു മലിനീകരണം കുറഞ്ഞാല്‍ നിരോധനത്തില്‍ ഇളവ് വരുത്തണമോ എന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു.
പടക്കം ഡല്‍ഹിയില്‍ ഉണ്ടാക്കുന്ന മലിനീകരണം അറിയാന്‍ ഐഐടി റിപ്പോര്‍ട്ടുകളുടെ ആവശ്യമില്ലെന്ന് ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ദീപാവലി സമയത്ത് ഡല്‍ഹിയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയോട് ചോദിച്ചാലും മലിനീകരണത്തിന്റെ വ്യാപ്തി മനസിലാകുമെന്നും കോടതി വ്യക്തമാക്കി. ഏറ്റവുമധികം വായു മലിനീകരണം ഉണ്ടാക്കുന്ന 15 ഘടകങ്ങളില്‍ പടക്കം പൊട്ടിക്കല്‍ ഇല്ലെന്ന അഭിഭാഷകന്റെ വാദത്തെത്തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം.
പടക്കത്തിന്റെ നിര്‍മ്മാണമോ, വില്‍പ്പനയോ ഹരിത ട്രിബ്യുണല്‍ നിരോധിച്ചിട്ടില്ല എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വായു മലിനീകരണം രൂക്ഷമായ മേഖലകളില്‍ മാത്രമാണ് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഉള്ളതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹരിത ട്രിബ്യൂണല്‍ ഉത്തരവിന് എതിരെ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.