BREAKING NEWSKERALALATEST

പഠനം നിലച്ചില്ല: 11 പെണ്‍കുട്ടികള്‍ക്ക് കരുത്തായത് തുടി അറിവുട ട്രൈബല്‍ ബോര്‍ഡിംഗ്

കല്‍പ്പറ്റ: സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ കൊണ്ട് ഒരു ഘട്ടത്തില്‍ പഠനം നിലക്കുമെന്ന് കരുതിയ പതിനൊന്ന് ഗോത്ര വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് നിര്‍ത്തി കരുത്ത് പകര്‍ന്നപ്പോള്‍ അവര്‍ നേടിയത് മികച്ച വിജയം. ഏച്ചോം സര്‍വ്വോദയ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച 11 വിദ്യാര്‍ത്ഥിനികളാണ് തങ്ങളുടെ ജീവിത രീതി തന്നെ മാറ്റിയ വിജയത്തിന്റെ കഥ വിവരിക്കുന്നത്.
പള്ളിക്കുന്ന് എച്ചോത്ത് പ്രവര്‍ത്തിക്കുന്ന തുടി ആദിവാസി നാട്ടറിവ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അറിവുട എന്ന ട്രൈബല്‍ ബോര്‍ഡിംഗില്‍ താമസിച്ചാണ് എല്ലാവരും പഠിച്ച് പരീക്ഷയെഴുതിയത്. വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ ഗോത്ര വിഭാഗങ്ങളിലെ കുട്ടികളാണിവര്‍. പട്ടികജാതി വിഭാഗത്തിലെ ബോയ സമുദായാംഗമായ വൈഷ്ണവി എന്ന പെണ്‍കുട്ടി അച്ചനും അമ്മയും മരിച്ചതോടെ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. തുടി ഡയക്ടറായിരുന്ന ഫാ. ബേബി ചാലിലിന്റെ ശ്രമഫലമായാണ് അറിവുയെില്‍ എത്തിയത്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വൈഷ്ണവി വിജയിച്ചത്. കൂട്ടുകാരായ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മറ്റ് അഞ്ച് പേരും എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കോടെ തുടര്‍പഠനത്തിന് അര്‍ഹരായി.
പണിയ വിഭാഗത്തില്‍ നിന്നുള്ള കെ.ബി. അപര്‍ണ്ണ ഹ്യുമാനിറ്റിസില്‍ അഞ്ച് എ പ്ലസ് നേടി 90 ശതമാനം മാര്‍ക്കോടെയും ബിബിഷ 83 ശതമാനം മാര്‍ക്കോടെയും വിജിന്യ 79 ശതമാനം മാര്‍ക്കോടെയും സീത 74 ശതമാനം മാര്‍ക്കോടെയും വയനാടന്‍ പുലയ വിഭാഗത്തില്‍പ്പെട്ട ദൃശ്യ സയന്‍സില്‍ 70 ശതമാനം മാര്‍ക്കോടെയും പ്ലസ് ടു വിജയിച്ചു. ഗോത്ര വിഭാഗത്തില്‍ നിന്ന് തന്നെയുള്ള എം.ജി. അക്ഷര വാര്‍ഡനും മെന്ററുമൊക്കെയായി കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചപ്പോള്‍ സിസ്റ്റര്‍ റാണി എഫ്.സി.സി പഠനത്തില്‍ സഹായിച്ചു. ഡയറക്ടറായിരുന്ന ഫാ. ബേബി ചാലില്‍ തങ്ങള്‍ക്ക് മികച്ച ഒരു രക്ഷാകര്‍ത്താവായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ബോര്‍ഡിംഗ് ഗ്രാന്റ് പോലും നിഷേധിക്കപ്പെട്ടപ്പോള്‍ ഈശോ സഭാ വൈദികരും ചില സാമൂഹ്യ പ്രവര്‍ത്തകരുമാണ് അറിവുടക്ക് സാമ്പത്തിക പിന്‍ബലം നല്‍കിയത്. ഗോത്ര ജനതയുടെ വിദ്യഭ്യാസ സാമുഹ്യ പുരോഗതിയില്‍ നിര്‍ണ്ണായക സ്വാധീനമായി മാറുകയാണ് തുടിയും ഗോത്ര വിദ്യാര്‍ത്ഥികളുടെ രണ്ടാം വീടായ അറിവുട ട്രൈബല്‍ ബോര്‍ഡിംഗും .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker