കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് പണിമുടക്കു ദിവസം സമരാനുകൂലികളുടെ മര്‍ദനം. തിങ്കളാഴ്ച ഉച്ചയോടെയാണ് പഞ്ചായത്ത് സെക്രട്ടറി മനോജിന് മര്‍ദനമേറ്റത്.
പഞ്ചായത്ത് ഓഫീസ് തുറക്കുന്നതിനായി പഞ്ചായത്തിലേക്ക് എത്തിയതായിരുന്നു മനോജ്. ഓഫീസ് തുറന്ന് അകത്തുകയറിയതിന് പിന്നാലെ പണിമുടക്കു ദിവസം പഞ്ചായത്ത് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരാനുകൂലികള്‍ അകത്തേക്ക് കയറുകയായിരുന്നു. നാല്‍പ്പതിലധികം പേരുടെ സംഘമാണ് ഇവിടേക്ക് എത്തിയത്.
മൂക്ക്, തല, ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മനോജിന് ചതവേറ്റിട്ടുണ്ട്. അതിക്രൂരമായ മര്‍ദനം ഏറ്റുവെന്ന് ഇദ്ദേഹം പറഞ്ഞു. പോലീസ് എത്തിയാണ് മനോജിനെ ആശുപത്രിയില്‍ എത്തിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനം ഏറ്റതറിഞ്ഞ് കുറച്ച് ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധവുമായെത്തി. ഇവര്‍ക്കും മര്‍ദനമേറ്റെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്നവര്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.