പേഴ്സണല്‍ സ്റ്റാഫ് അവിഷിത്തിനെ ഒഴിവാക്കാന്‍ നേരത്തെ നീക്കം തുടങ്ങിയിരുന്നുവെന്ന് ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജോലിക്ക് വരാത്ത വ്യക്തിയെ ഒഴിവാക്കാന്‍ തെളിവ് സഹിതമാണ് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുകയാണെന്നും തനിക്ക് മറച്ച് വയ്ക്കാന്‍ ഒന്നുമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി. താന്‍ എല്ലാ പൊതുപരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഒഴിവാക്കിയെന്ന് മന്ത്രി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അക്രമമുണ്ടായതിന് മുന്‍കൂര്‍ ഡേറ്റ് ഇട്ടാണ് മന്ത്രി ഉത്തരവിട്ടതെന്നും, പ്രശ്നം ഉണ്ടായപ്പോള്‍ അയാള്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് തന്നെയായിരുന്നു എന്നത് മറച്ചുവയ്ക്കാനാണ് മന്ത്രി ഇത്തരമൊരു നീക്കം നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനോടായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം.
‘ജൂണ്‍ മാസം ആദ്യം കുറേ ദിവസം വന്നില്ല. ഇടയ്ക്ക് വന്നു. പതിനഞ്ചാം തിയതിക്ക് ശേഷം വന്നിട്ടേ ഇല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പേഴ്സണല്‍ സെക്രട്ടറിയോട് ഈ വ്യക്തിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ ഇലക്ട്രോണിക് പഞ്ചിംഗ് സിസ്റ്റമാണ്. എന്ന് മുതലാണോ വരാതിരുന്നത്, അന്ന് മുതല്‍ ഇയാളെ ഒഴിവാക്കിക്കൊണ്ടാണ് ഉത്തരവിട്ടത്’ മന്ത്രി പറഞ്ഞു.