BREAKING NEWSKERALA

പത്തനംതിട്ടയില്‍ ‘എമ്മി’ല്‍ നിന്ന് ‘ബി’യിലേക്ക് ചാട്ടം; ആശങ്കയോടെ മാണി ഗ്രൂപ്പ്, സ്വീകരിച്ച് ഗണേഷ്‌കുമാര്‍

പത്തനംതിട്ട: ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടു നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നതോടെ മാണി ഗ്രൂപ്പിന് ആശങ്ക. കേരളാ കോണ്‍ഗ്രസ് (എം), ആര്‍എസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുമുള്ള ഇരുന്നൂറില്‍പ്പരം പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം പുതിയതായി കേരള കോണ്‍ഗ്രസ് ബിയിലേക്ക് എത്തിച്ചേര്‍ന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ബിയിലേക്ക് എത്തിയ നേതാക്കളെയും ജനപ്രതിനിധികളെയും പ്രവര്‍ത്തകരെയും കേരള കോണ്‍ഗ്രസ് ബി പാര്‍ട്ടി ചെയര്‍മാനും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ സ്വീകരിച്ചു. തുടര്‍ന്നു നടന്ന യോഗം കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പല കാലങ്ങളിലും അധികാരത്തിന് വേണ്ടി ഭിന്നിച്ചു പോയ നേതൃത്വമാണ് കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ കേരളാ കോണ്‍ഗ്രസ് മാത്രമേ തല്ലിപ്പിരിഞ്ഞു പോയിട്ടുള്ളൂ. ബാക്കി എല്ലാ സംസ്ഥാനങ്ങളും പ്രാദേശിക പാര്‍ട്ടികള്‍ ഭരിച്ചിട്ടുണ്ട് എന്നുള്ളത് വിസ്മരിക്കരുത്. സംസ്ഥാനത്തെ ഏക ജനാധിപത്യ മതേതര കേരളാ കോണ്‍ഗ്രസാണ് ആര്‍ ബാലകൃഷ്ണപിള്ള സ്ഥാപിച്ചത്. മറ്റു കേരളാ കോണ്‍ഗ്രസുകളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ എല്ലാ ജാതി മതസ്ഥരുമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സാധാരണക്കാരന്റെ പാര്‍ട്ടിയാണിത്. എല്ലാ വിഭാഗത്തിലുമുള്ളവര്‍ നേതൃസ്ഥാനത്തിലുണ്ട്. പാര്‍ട്ടി വളര്‍ച്ചയുടെ പാതയിലാണ്. ഓണ്‍ലൈന്‍ മുഖേനയാണ് അംഗത്വം നല്‍കുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അംഗത്വം നല്‍കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് ബി. അധികാരത്തിലെത്തുന്നതിനായി എന്തും കാട്ടിക്കൂട്ടുന്ന, പറയുന്ന, പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാകില്ല കേരളാ കോണ്‍ഗ്രസ് ബി എന്നും വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന് ഉപകാരം ചെയ്യുന്ന പാര്‍ട്ടിയാകണം. ഇതിനായി ഗാന്ധിജിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് ചെയ്യുന്നത്. ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ടാകണം എന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് കേരളാ കോണ്‍ഗ്രസ് ബി സഫലമാക്കുന്നത്. പലവിധ ആശയങ്ങള്‍ പ്രസംഗിച്ചും പറഞ്ഞും നടക്കുന്ന രാഷ്ട്രീയക്കാരുണ്ട്. അതൊക്കെ അധികാരത്തിലെത്തുന്നതിനുള്ള മാര്‍ഗങ്ങളുടെ ഭാഗമാണ്. അധികാരത്തിന് അപ്പുറം ആള്‍ക്കാരെ സഹായിക്കുന്ന ഒരു പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് മാറും. നമുക്ക് ഏതു വിഷയത്തിലും പ്രതികരിക്കാം. പക്ഷേ, നമ്മള്‍ എന്തു ചെയ്യുന്നുവെന്ന് നാട്ടുകാര്‍ അറിയണം. ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ അവര്‍ക്ക് മുന്നില്‍ അറിയപ്പെടുകയും വേണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗവും കെടിയുസി (എം) ജില്ലാ പ്രസിഡന്റുമായിരുന്ന പി കെ ജേക്കബിന് അംഗത്വം നല്‍കിയാണ് അംഗത്വ വിതരണം ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 46 വര്‍ഷ കാലത്തോളമായി കേരളാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ജില്ലാ നേതൃത്വത്തിന്റെ അവഗണനയില്‍ മനം നൊന്താണ് പാര്‍ട്ടി വിട്ടതെന്നും എന്നും കേരളാ കോണ്‍ഗ്രസുകാരനായിരിക്കണമെന്നുളളതു കൊണ്ടാണ് സ്ഥാപക നേതാവിന്റെ പാര്‍ട്ടിയിലേക്ക് ചേരുന്നതെന്നും അദ്ദേഹം ചടങ്ങില്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ടു നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരാണ് കേരളാ കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നത്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കേരള കോണ്‍ഗ്രസ് എം സംസ്ഥാന നേതൃത്വത്തെയും ആശങ്കയിലാക്കിയ സാഹചര്യത്തില്‍ ഇതൊഴിവാക്കാനുള്ള പോംവഴി തേടുകയാണ് ജില്ലാ നേതൃത്വം. ഉടന്‍ തന്നെ ജില്ലയിലെ പ്രവര്‍ത്തകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker