പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടില്‍നിന്ന് മന്ത്രി അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന് ഉള്‍പ്പെടെയുള്ള നാലുപ്രവര്ത്തകരെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
അടൂരിലെ ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനത്തിനായി വൈകിട്ട് നാലുമണിയോടെ മന്ത്രി വീട്ടില്‍നിന്ന് യാത്രതിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് എം.ജി. കണ്ണന് ഉള്‍പ്പെടെ നാലുപേര്‍ മന്ത്രിയുടെ വീടിന് സമീപമെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടര്‍ന്ന് പോലീസും സ്ഥലത്ത് എത്തിയിരുന്നു. മന്ത്രിയുടെ വാഹനം പ്രധാന റോഡിലേക്ക് കയറിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന്റെ പിറകെ ഓടി കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കാരണം മന്ത്രിയുടെ യാത്ര തടസ്സപ്പെടുകയോ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല.
വയനാട്ടില്‍ രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസ് ആക്രമിച്ച കേസില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഉള്‍പ്പെട്ടതായാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന മന്ത്രിയെ വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ടയില്‍ മന്ത്രിക്ക് നേരേ പ്രതിഷേധം അരങ്ങേറിയത്. അതേസമയം, പേഴ്സണല്‍ സ്റ്റാഫ് അംഗമായ അവിഷിത്ത് ഈ മാസം ആദ്യം ജോലിയില്‍നിന്ന് രാജിവെച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരമധ്യത്തില്‍ റോഡ് ഉപരോധിച്ചു. ടയറുകള്‍ കത്തിച്ചു. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി.