BREAKING NEWSKERALA

പത്മപ്രഭാപുരസ്‌കാരം സുഭാഷ് ചന്ദ്രന്

കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ ചെയര്‍മാനും നോവലിസ്റ്റ് സാറാജോസഫ്, കഥാകൃത്തും നോവലിസ്റ്റുമായ സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ അറിയിച്ചു.
ആധുനികാനന്തര മലയാള ചെറുകഥയേയും നോവലിനേയും ഭാഷയിലേയും ബിംബാവലികളുടേയും നവീനത കൊണ്ട് പുതുക്കിപ്പണിത എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രന്‍ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. അന്യൂനമായ ക്രാഫ്റ്റിന്റെ ഭംഗിയും ദൃഢതയും സുഭാഷ് ചന്ദ്രന്റെ എഴുത്തിന്റെ സവിശേഷതയാണ്. തച്ചനക്കര എന്ന ഗ്രാമത്തെ അനശ്വരമാക്കിക്കൊണ്ട് നൂറ് വര്‍ഷത്തെ മലയാളി ജീവിതത്തെ വൃത്യസ്തമായി വ്യാഖ്യാനിച്ച ”മനുഷ്യന് ഒരാമുഖം” എന്ന നോവല്‍ മലയാളി നോവല്‍ സാഹിത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ”സമുദ്രശില” എന്ന രണ്ടാമത്തെ നോവല്‍ എഴുത്തിന്റെ സാമ്പ്രദായിക രീതികളെത്തന്നെ മാറ്റിമറിച്ചു. സുഭാഷ് ചന്ദ്രന്റെ സര്‍ഗ്ലാവിഷ്‌കാരങ്ങളില്‍ എഴുത്തിന്റെ ധ്യാനവും ഭാഷയുടെ നവീനത്വവും ഒരേ പോലെ അനുഭവിക്കാന്‍ സാധിക്കുന്നുവെന്ന് സമിതി നിരീക്ഷിച്ചു.
1972-ല്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ ജനിച്ച സുഭാഷ് ചന്ദ്രന്റെ ”ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ എന്ന കഥയ്ക്ക് മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. ഇതേ പേരിലുള്ള ആദ്യ കഥാസമാഹാരത്തിന് 2001-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആദ്യനോവലായ മനുഷ്യന് ഒരു ആമുഖം സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങി പന്ത്രണ്ടോളം പുരസ്‌കാരങ്ങള്‍ നേടി. സമുദ്രശിലയ്ക്ക് പ്രഥമ പത്മരാജന്‍ നോവല്‍ പുരസ്‌കാരം, പ്രഥമ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ സാഹിതൃപുരസ്‌കാരം, ഒ.വി. വിജയന്‍ പുരസ്‌കാരം, എം. സുകുമാരന്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. മനുഷ്യന് ഒരു ആമുഖം A Preface to Man എന്ന പേരില്‍ ഹാര്‍പ്പര്‍ കോളിന്‍സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. പറുദീസാനഷ്ടം, സന്മാര്‍ഗം, ഗുപ്തം എന്നീ കഥകള്‍ക്ക് ചലച്ചിത്രഭാഷ്യങ്ങള്‍ വന്നിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേണലിസം ഫാക്കല്‍റ്റി കൂടിയായ സുഭാഷ് ചന്ദ്രന്‍ ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുന്നു. ഭാര്യ; ജയശ്രീ. മക്കള്‍: സേതുപാര്‍വതി, സേതുലക്ഷ്മി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker