BREAKING NEWSNATIONAL

പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നവംബറോടെ വാക്‌സിന്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും. 12നും 17നുമിടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഇവരില്‍ അനുബന്ധരോഗമുള്ളവര്‍ക്ക്് ആദ്യം വാക്‌സിന്‍ നല്‍കും. ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, അമിതവണ്ണം തുടങ്ങിയവ അനുബന്ധരോഗങ്ങളില്‍ ഉള്‍പ്പെടും.
മൂന്നുഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്ഡി’ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. കുട്ടികളില്‍ പ്രതിരോധകുത്തിവെപ്പിന് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളത് സൈഡസ് കാഡിലയുടെ ഈ വാക്‌സിനുമാത്രമാണ്. 18 വയസ്സില്‍ത്താഴെയുള്ള 44 കോടി കുട്ടികള്‍ രാജ്യത്തുണ്ട്. ഇവരില്‍ 12നും 17നുമിടയിലുള്ളവരുടെ എണ്ണം 12 കോടിയോളംവരും. അനുബന്ധ രോഗങ്ങളുള്ള കുട്ടികള്‍ ഏതാണ്ട് 30 ലക്ഷം ഉണ്ടാവുമെന്നാണ് കണക്ക്.
കോവാക്‌സിനിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും കുട്ടികള്‍ക്ക് സ്വീകരിക്കാവുന്ന വാക്‌സിന്‍പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുവയസ്സിനുമുകളിലുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന ഈ വാക്‌സിനിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കുട്ടികളുടെ വാക്‌സിന്‍ പരീക്ഷണം ഈയിടെ തുടങ്ങിയിട്ടുണ്ട്. സൈക്കോവ്ഡിക്ക് തുടര്‍ച്ചയായി ഈ കമ്പനികളുടെ വാക്‌സിനും അടുത്തകൊല്ലം ആദ്യത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
അനുബന്ധരോഗമുള്ളവര്‍ക്ക് നല്‍കാനായി ആദ്യം 40 ലക്ഷം ഡോസ് സൈക്കോവ്ഡി ആണ് നിര്‍മാതാക്കള്‍ സര്‍ക്കാരിന് നല്‍കുക. ഡിസംബറോടെ അഞ്ചുകോടി ഡോസ് ലഭ്യമായേക്കും. അടുത്തകൊല്ലം കൂടുതല്‍ ഡോസ് വാക്‌സിന്‍ വിപണിയിലെത്തും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker