BREAKING NEWSKERALALATEST

പന്ത്രണ്ട് കോടിയുടെ ബമ്പറടിച്ച ആ ഭാഗ്യവാന്‍ സൈതലവി, ആള്‍ ഇപ്പോള്‍ ദുബായില്‍

ദുബായ്:കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചയാളെ കണ്ടെത്തി. നാട്ടിലെങ്ങുമല്ല അങ്ങ് ദുബായില്‍. അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയില്‍ സഹായിയായ വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാന്‍.
ഒരാഴ്ച മുന്‍പ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇവര്‍ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം സൈതലവിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സുഹൃത്ത് ഇപ്പോള്‍ പാലക്കാടാണ് ഉള്ളത് എന്നാണ് വിവരം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞതെന്നും സൈതലവി പറഞ്ഞു.
സൈതലവിയുടെ മകനും ബന്ധുവും വയനാട് നിന്ന് പാലക്കാട്ട് എത്തി ടിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. മകനും ബന്ധുക്കളും ടിക്കറ്റ് ഉടന്‍ ഏജന്‍സിയില്‍ ഏല്‍പ്പിക്കും. ടിക്കറ്റ് കൈയില്‍ കിട്ടി സമ്മാനം ഉറപ്പാക്കിയ ശേഷമേ സൈതലവി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും നില്‍ക്കുകയുള്ളൂ എന്ന് മൂണ്‍ സ്റ്റാര്‍ വണ്‍ റസ്റ്ററന്റിലെ ബഷീര്‍ പറഞ്ഞു. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.
ദുബായിലെ യു ട്യൂബര്‍ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ടിക് ടോക് വിഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ഇരുവരും ഒരേ കെട്ടിടത്തിലാണ് താമസം.
ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യു–കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്‍സിയിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker