മുംബയ്: പബ്ജി കാമുകനെ തേടിയെത്തിയ പാക് യുവതി തിരിച്ചെത്തിയില്ലെങ്കില്‍ മുംബൈ മോഡല്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബയ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലാണ് ഉറുദുവില്‍ ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൊബൈല്‍ ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചതെന്ന് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2008ല്‍ മുംബയില്‍ നടത്തിയതിന് സമാനമായ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പാക് യുവതി എത്രയും വേഗം തിരിച്ചെത്തിയില്ലെങ്കില്‍ ആക്രമണം നടത്തുമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സര്‍ക്കാരിനായിരിക്കും എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയാണ് പാക് സ്വദേശിയായ സീമ ഹൈദര്‍(30) ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന കാമുകന്‍ സച്ചിന്‍ മീണയെ(25) വിവാഹം കഴിക്കാനാണ് സീമ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു.