ചലച്ചിത്രമേഖലയിലെ നടികൾ ഉയർത്തിയ പരാതികള്‍ പരിഹരിക്കുന്നതില്‍ താരസംഘടനയായ അമ്മയ്ക്ക് വീഴ്ച സംഭവിച്ചതായി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. അമ്മയുടെ നിലപാട് തിരുത്തണം. ശക്തമായ ഇടപെടലുകളും നടപടികളും അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പവര്‍ഗ്രൂപ്പ് ഇല്ലെന്ന് പറയില്ലെന്നും ഉണ്ടെങ്കില്‍ ഇല്ലാതാകണമെന്നും പൃഥ്വിരാജ് പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണങ്ങളുണ്ടെങ്കില്‍ പഴുതടച്ച അന്വേഷണം വേണം. കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാനടപടികളുണ്ടാകണം. അങ്ങനെതന്നെയേ ഇതിനൊരു അവസാനമുണ്ടാകൂ. അതല്ല ആരോപണങ്ങള്‍ കള്ളമാണെന്ന് അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടാല്‍ മറിച്ചും മാതൃകാപരമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം.നമ്മുടെ നിയമവ്യവസ്ഥിതിയനുസരിച്ച് ഇരകളുടെ പേരുകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേര് സംരക്ഷിക്കാന്‍ നിയമവ്യവസ്ഥിതി ഇല്ലാത്തിടത്തോളം കാലം അത് പുറത്തുവിടുന്നതില്‍ നിയമതടസങ്ങളില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഞാനോ നിങ്ങളോ അല്ല, അധികാരത്തിലിരിക്കുന്ന ആളുകളാണ്.സ്ഥാനങ്ങളിലിരിക്കുന്ന ആള്‍ക്കാര്‍ക്കെതിരെ ആരോപണം ഉണ്ടാകുകയാണെങ്കില്‍ അതിന്‌റെ മര്യാദപരമായ നടപടിക്രമം ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം സ്വീകരിക്കുക എന്നതുതന്നെയാണെന്നു പൃഥ്വിരാജ് പറഞ്ഞു. സിദ്ദിഖ് മാറിയതിനുശേഷം ആ ചുമതലയിലേക്കു വന്ന നടനും ആരോപണം നേരിടുന്നുണ്ടെന്നും സ്വാഭാവികമായും ആ നടനും മാറിനിന്ന് അന്വേഷണം നേരിടേണ്ടതല്ലേയെന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ ഈ മറുപടി. ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് അന്വേഷണം നേരിടാന്‍ പാടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചു.
62 Less than a minute