KERALABREAKINGNEWS

‘പരാതി വാങ്ങിയത് മരം മുറിച്ചശേഷം’; മുൻ മലപ്പുറം എസ്‍പി സുജിത്ത് ദാസിനെ വെട്ടിലാക്കി അയൽവാസിയുടെ വെളിപ്പെടുത്തൽ

മലപ്പുറം: മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് (ക്യാമ്പ് ഓഫീസ്) മരം മുറിച്ചുവെന്ന ആരോപണത്തിൽ വെളിപ്പെടുത്തലുമായി ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അയല്‍വാസി. മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് അയല്‍വാസിയായ ഫരീദ മാധ്യമങ്ങളോട് പറഞ്ഞു. മരം മുറിയെ കുറിച്ചു ആരെങ്കിലും ചോദിച്ചാൽ സുജിത്ത് ദാസ് എസ്.പിക്കു മുമ്പ് അബ്ദുൾ കരീം എസ്.പിയുടെ കാലത്താണ് മരം മുറിച്ചതെന്ന് പറയണമെന്നും പൊലീസ് പറഞ്ഞതായി ഫരീദ പറഞ്ഞു. പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിക്കുന്ന മലപ്പുറം മുൻ എസ്‍പി സുജിത്ത് ദാസിനെ വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. സുജിത്ത് ദാസ് മലപ്പുറം എസ്‍പിയായിരുന്നപ്പോഴാണ് മരം മുറി നടന്നതെന്നാണ് ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന ഫരീദയുടെ നിര്‍ണായക വെളിപ്പെടുത്തൽ. മരം മുറിച്ചുകടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പിവി അന്‍വറിന്‍റെ ആവശ്യം. അതേസമയം, അപകടഭീഷണി ഉയര്‍ത്തി മരത്തിന്‍റെ ചില്ലകള്‍ മാത്രമാണ് മുറിച്ചു നീക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെതിരെയാണിപ്പോള്‍ അയല്‍വാസിയുടെ വെളിപ്പെടുത്തൽവരുന്നത്.

Related Articles

Back to top button