കണ്ണൂര്‍: പരിഭവം മറന്ന് ഇപി ജയരാജന്‍ കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ജയരാജന്‍ പങ്കെടുത്തത്. എംവി ജയരാജന്‍, ടിവി സുമേഷ് എംഎല്‍എ തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടി ക്ഷണിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതെ ഇപി മാറിനില്‍ക്കുകയായിരുന്നു.
പ്രകാശ് ജാവ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിലാണ് ഇപി ജയരാജനെ പാര്‍ട്ടി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിന് പിന്നാലെ നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയ അദ്ദേഹം തന്നെ ഗൂഢാലോചന നടത്തി അവഹേളിച്ച് മാറ്റിനിര്‍ത്തിയെന്ന വികാരത്തിലായിരുന്നു. പിന്നീട് ഇപി ജയരാജന് നിശ്ചയിച്ച ആദ്യ പാര്‍ട്ടി പരിപാടി പയ്യാമ്പലത്ത് ചടയന്‍ ഗോവിന്ദന്‍ ദിനാചരണമായിരുന്നു.
ചികിത്സയിലെന്ന വിശദീകരണം നല്‍കി ഇപി ജയരാജന്‍ പരിപാടിയില്‍ പങ്കെടുത്തില്ല. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ ഓര്‍മദിനത്തില്‍ പിബി അംഗം എ വിജയരാഘവനൊപ്പം ഇപിയും പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. ഇപിക്ക് പാര്‍ട്ടിയോട് ഒരു അതൃപ്തിയും ഇല്ലെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ ഇപിയെ കാണാമെന്നും എം.വി.ജയരാജന്‍ അന്ന് പറഞ്ഞിരുന്നു.
62 Less than a minute