തിരുവനന്തപുരം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. മാര്‍ച്ച് 27ന് നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പര്‍ പുറത്തുവിട്ടെന്നാണ് പരാതി.
സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോര്‍ന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. സഹകരണ സര്‍വീസ് ബോര്‍ഡ് ആണ് ഈ പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ 93ഓളം കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്ന് വ്യാപകപരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് സഹകരണ പരീക്ഷാ ബോര്‍ഡിന് പരാതി ലഭിച്ചിട്ടുണ്ട്.
പരീക്ഷയുടെ തലേദിവസം, ഒരു ഉദ്യോഗാര്‍ഥിയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കരുതിയ ആളും തമ്മില്‍ നടന്നെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് തെളിവായി മാറിയത്. ചോദ്യവും ഉത്തരവും പറഞ്ഞുനല്‍കാം, പണം നല്‍കണം എന്നാണ് ഈ ഓഡിയോ ക്ലിപ്പിലുള്ളത്. കോഴിക്കോട് കേന്ദ്രീകരിച്ച്, പരീക്ഷാപരിശീലനം നടത്തുന്ന ഒരു യു ട്യൂബ് ചാനലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെന്നാണ് ആരോപണം വന്നിരിക്കുന്നത്.
കാരണം, ഇവരുടെ ഫോണ്‍ നമ്പറില്‍നിന്നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കോള്‍ വന്നത്. പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങള്‍ പറഞ്ഞുതരാം, പണം തരണം എന്നായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് പല ഉദ്യോഗാര്‍ഥികളും ഇവരെ ബന്ധപ്പെട്ടത്. വിളിച്ചവര്‍ക്ക് വിശ്വാസം തോന്നാന്‍ മൂന്നോ നാലോ ചോദ്യങ്ങള്‍ പറഞ്ഞുകൊടുത്തു. പിന്നീട് ചില ഉദ്യോഗാര്‍ഥികള്‍ ഇവരുടെ കെണിയില്‍ വീണു എന്നാണ് അറിയുന്നത്. ആദ്യം പലരും വിശ്വസിച്ചില്ലെങ്കിലും ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടിയപ്പോഴാണ് ഫോണ്‍കോളില്‍ പറഞ്ഞ അതേ ക്രമത്തില്‍തന്നെ ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ അച്ചടിച്ചുവന്നിരിക്കുന്നത് കണ്ടത്. അപ്പോഴാണ് ചോദ്യപേപ്പര്‍ നേരത്തെ തന്നെ ചോര്‍ന്നെന്ന സംശയം ഉദ്യോഗാര്‍ഥികള്‍ക്കു തോന്നിയത്.
മറ്റൊരു ഗുരുതരമായ കാര്യം കൂടി നടന്നു. രണ്ടര മുതല്‍ നാലര വരെ ആയിരുന്നു പരീക്ഷ. എന്നാല്‍ മൂന്നര ആയപ്പോള്‍ തന്നെ ഈ യു ട്യൂബ് ചാനലില്‍ ചോദ്യപേപ്പറിലെ മുഴുവന്‍ ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ ആയി അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ്, ചോദ്യപേപ്പര്‍ മുന്‍പേ തന്നെ ഇവര്‍ക്ക് ചോര്ന്നുലഭിച്ചെന്ന സംശയം കൂടുതല്‍ ബലപ്പെട്ടത്.
വിഷയത്തില്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നാണ് വിവരം.