BREAKING NEWSKERALALATEST

പള്ളിമേടയില്‍ നിന്നും ക്ഷേത്രത്തിലേക്കും തിരുവസ്ത്രമണിഞ്ഞ് പാടങ്ങളിലെ ചേറിലേക്കും ഇറങ്ങിയ സന്ന്യാസി

പള്ളിമേടയില്‍ നിന്നും ക്ഷേത്രത്തിലേക്കും തിരുവസ്ത്രമണിഞ്ഞ് പാടങ്ങളിലെ ചേറിലേക്കും ഇറങ്ങാന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് മടിയുണ്ടായിരുന്നില്ല. സാമൂഹിക വിഷയങ്ങളെ നര്‍മ്മം ചാലിച്ച് അവതരിപ്പിക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തിന് ഏവരുടെയും ഹൃദയങ്ങളില്‍ തന്നെയായിരുന്നു സ്ഥാനം. അതുകൊണ്ട് തന്നെയാണ് ജാതിമത അതിര്‍വരമ്പുകള്‍ക്ക് അതീതമായി കേരള ജനത ആ വിലിയ മനുഷ്യന്റെ വിയോ?ഗത്തില്‍ സങ്കടപ്പെടുന്നതും.
അള്‍ത്താരകളിലും പള്ളിമേടകളിലുംനിന്ന് ക്ഷേത്രങ്ങളിലേക്കും ഇതരസമുദായ മനസ്സുകളിലേക്കും ഇറങ്ങിനടന്ന അസാധാരണജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ദൈവമേതായാലും ദര്‍ശനം ഒന്നാണെന്ന കാഴ്ചപ്പാടിലേക്ക് ചിരിയിലൂടെ അദ്ദേഹം വഴിതുറന്നു. ക്ഷേത്രത്തിലെ ചടങ്ങിലെത്തിയ തനിക്ക് അവിടുത്തെ പ്രസാദം തരാന്‍ മേല്‍ശാന്തി മടിച്ചപ്പോള്‍ മാര്‍ക്രിസോസ്റ്റം ചോദിച്ചുവാങ്ങി കഴിച്ചതും ചരിത്രം. ക്രൈസ്തവ വിശ്വാസത്തിലുള്ള തിരുമേനി ക്ഷേത്രപ്രസാദം കഴിക്കുമോയെന്ന് സംശയിച്ചതായി സമീപത്തുള്ളവര്‍ പറഞ്ഞു. അമ്പലത്തില്‍ പോകുന്നവര്‍ ദേവനുനേദിച്ച അന്നം പ്രസാദമായി കഴിക്കുമ്പോള്‍ എന്താണ് അവര്‍ക്ക് കിട്ടുന്നതെന്ന് അദ്ദേഹം മറുചോദ്യം എയ്തു. ഈശ്വരീയമായ അനുഗ്രഹം എന്നായിരുന്നു മറുപടി. എങ്കില്‍ എന്തിന് തനിക്കുമാത്രം അത് നിഷേധിക്കുന്നതെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചപ്പോള്‍ ക്ഷേത്രവളപ്പില്‍ ചിരിയുടെ ഉത്സവം കൊടിയേറി.
പ്രകൃതിക്കും പരിസ്ഥിതിക്കുംവേണ്ടി നിരന്തരം ശബ്ദിച്ച നാവാണ് ഇന്ന് പുലര്‍ച്ചെ നിശബ്ദമായത്. വികസനമെന്നത് അതുവരുന്ന സ്ഥലത്തെ ജനങ്ങള്‍ക്ക് ഗുണം കിട്ടാനാകണമെന്ന നിരീക്ഷണം മുന്നോട്ടുവെച്ചു. നാടിനു വേണ്ടാത്ത വികസന സങ്കല്‍പ്പങ്ങളെ പരിഹസിച്ച് ഇല്ലാതാക്കി. കോഴഞ്ചേരിയില്‍ തരിശുകിടന്ന പാടത്ത് വിത്തെറിയാന്‍ അദ്ദേഹം തിരുവസ്ത്രം ധരിച്ച് ചേറിലിറങ്ങിയതും മലയാളികള്‍ക്ക് പുതു അനുഭവമായിരുന്നു. അറുപതു പിന്നിട്ട കേരളത്തെ നോക്കി ‘ഇനിയും വളരാനുണ്ട് കേരളമേ’ എന്ന് അദ്ദേഹം പരിഹസിച്ചു.
നിയമസഭയുടെ ചടങ്ങില്‍നിന്ന് ഇറങ്ങിവന്ന് മാരാമണ്ണിലെ പമ്പയെ നോക്കി അദ്ദേഹം ചോദിച്ചു. വെള്ളം പൊങ്ങുമ്പോള്‍ മടക്കിയുടുക്കാന്‍ മലയാളിക്കു മുണ്ടെങ്കിലും ബാക്കി കാണുമോ എന്ന്.
താനും യേശുവുമായി ഒരുകാര്യത്തില്‍ വലിയ സാമ്യമുണ്ടെന്നായിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നിലപാട്. രണ്ടുപേര്‍ക്കും സ്വന്തമായി ഒരുനുള്ള് ഭൂമി പോലും ഉണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കും ഉള്ളുനിറയെ സ്‌നേഹം മാത്രം. വിടപറഞ്ഞ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മലയാളികള്‍ക്ക് ഇത്രമാത്രം പ്രിയപ്പെട്ടവനായത് ദൈവത്തോട് ഫലിതം പറയുന്ന നര്‍മ്മ ബോധത്തിന് ഉടമയായതിനാലാണ്.
1895ല്‍ ആരംഭിച്ച മാരാമണ്‍ കണ്‍വെന്‍ഷനിലൂടെയാണ് മാര്‍ ക്രിസോസ്റ്റം എന്ന മഹാന്റെ ചരിത്രംമ ആരംഭിക്കുന്നത്. അന്നുനടന്ന മാരാമണ്‍ കണ്‍വന്‍ഷനിലെ പ്രധാന പ്രഭാഷകന്‍ സാധു സുന്ദര്‍സിങ് ആയിരുന്നു. വടക്കേ ഇന്ത്യയില്‍ സേവനത്തിനായി മിഷനറിമാരെ അയയ്ക്കണമെന്ന ആഹ്വാനത്തോടെയാണ് ആ പ്രസംഗം അവസാനിച്ചത്. സദസ്സിന്റെ മുന്‍നിരയിലിരുന്ന മാര്‍ത്തോമ്മാ സുവിശേഷസംഘം സെക്രട്ടറി റവറന്റ് കെ.ഇ. ഉമ്മന്‍ സഹധര്‍മിണി ശോശാമ്മയോട് സ്വകാര്യമായി പറഞ്ഞു: ”നമുക്കിനി ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അവനെ സുവിശേഷവേലയ്ക്ക് അയയ്ക്കാം.”
ആദ്യജാതനായ ജോണിനുശേഷം ഒരു പെണ്‍കുട്ടിയെ പ്രതീക്ഷിച്ചിരുന്ന ദമ്പതിമാരുടെ മനസ്സുമാറ്റിയത് സാധുവിന്റെ പ്രസംഗമാണ്. 1918 ഏപ്രില്‍ 27ന് ജനിച്ച ആണ്‍കുട്ടിക്ക് അവര്‍ ധര്‍മിഷ്ഠന്‍ എന്നുപേരിട്ടു. ബിരുദപഠനത്തിനുശേഷം മാതാപിതാക്കളുടെ ആഗ്രഹവും സഭയുടെ ആവശ്യവും മനസ്സിലാക്കി കര്‍ണാടകയിലെ അങ്കോളയില്‍ ധര്‍മിഷ്ഠന്‍ മിഷനറിയായി. പിന്നീട് വൈദികനായി, ബിഷപ്പും സഭാധ്യക്ഷനുമായി. അപ്പനും അമ്മയും സ്വപ്നംകണ്ടതിനെക്കാള്‍ ഉന്നതിയിലെത്തിയ ആ പുത്രന്‍ ഇന്ന് മലയാളികളുടെ മുഴുവന്‍ കണ്ണ് നനയിച്ചാണ് കര്‍ത്താവിലേക്ക് തിരികെ പോയത്.
ജോണ്‍ ക്രിസോസ്റ്റം എന്ന വിശുദ്ധന്റെ പേരാണ് ബിഷപ്പായപ്പോള്‍ സ്വീകരിച്ചത്. ആ പേരിനര്‍ഥം സ്വര്‍ണനാവുകാരന്‍ എന്നാണ്.മാര്‍ത്തോമ സഭയിലെ പ്രമുഖനെങ്കിലും എല്ലാ മതസ്ഥരുമായി സൗഹൃദം വെച്ചുപുലര്‍ത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മിക്ക പ്രധാനമന്ത്രിമാരുമായി പോലും ഉറ്റചങ്ങാത്തം വെച്ചുപുലര്‍ത്തിയ വ്യക്തിത്വം. എന്നും നയിച്ച ലളിത ജീവിതം ബാക്കിവച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
പ്രഭാഷണ വേദികളിലെ താരമായിരുന്നു അദ്ദേഹം. 65 മരാമണ്‍ കണ്‍വെന്‍ഷനുകളില്‍ പ്രസംഗിച്ച പാണ്ഡിത്യമാണ് അദ്ദേഹത്തിന്റെത്. പ്രഭാഷണത്തെ പ്രസാദമാര്‍ന്ന സര്‍ഗാത്മക കര്‍മമായി ആവിഷ്‌കരിച്ചിരുന്ന അദ്ദേഹം പ്രസംഗവേദികളില്‍ ഫലിതങ്ങളുടെയും ആശയങ്ങളുടെയും സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ദിവസം ഏഴു വേദികളില്‍ വരെ പ്രധാന പ്രസംഗകന്റെ റോളില്‍ തിളങ്ങിയിരുന്ന അദ്ദേഹം ഉദ്ഘാടകനായും അധ്യക്ഷനായും മുഖ്യപ്രഭാഷകനായും അനുഗ്രഹപ്രഭാഷകനായും വാക്കുകള്‍കൊണ്ട് കേള്‍വിക്കാരുടെ ഹൃദയം കവര്‍ന്നു. പങ്കെടുക്കുന്നവര്‍ പത്തായാലും പതിനായിരമായാലും വേദികള്‍ മാര്‍ ക്രിസോസ്റ്റത്തിന് ഒരുപോലെയാണ്.
പലദിവസവും ശരാശരി 400 കിലോമീറ്റര്‍ യാത്ര ചെയ്യാറുണ്ടെന്ന് തിരുമേനിയെ അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ദൈവം സംസാരിക്കുന്ന വഴികളിലൊന്നാിരുന്നു മാര്‍ ക്രിസോസ്റ്റം. മനുഷ്യന്റെ നിസ്സാരങ്ങളായ അഹന്തകളെയും വലിയ സംശയങ്ങളെയും എല്ലാം ഒപ്പം നടന്ന് ചിരിപ്പിച്ചുകൊണ്ടു പരിഹരിച്ചിരുന്ന സന്യാസി വര്യനാണ്.
ക്രൈസ്തവ സഭകളെക്കുറിച്ചു ധാരണയില്ലാത്തവര്‍ക്കു പോലും മാര്‍ ക്രിസോസ്റ്റത്തെ അറിയാം. ചിരിപ്പിക്കുന്ന തിരുമേനിയുടെ വാക്കുകളില്‍ അവരും ചിരിച്ചിട്ടുണ്ട്. മതത്തിനും സഭയ്ക്കും അപ്പുറം മാനവികതയുടെ വിശാല ലോകത്ത് എല്ലാവരുടെയും ‘തിരുമേനി അപ്പച്ചനായി’രുന്നു അദ്ദേഹം. ആഗോള വേദികളില്‍ അദ്ദേഹത്തെ കണ്ടവര്‍ മലയാളിയാണെന്നതില്‍ അഭിമാനം കൊണ്ടു. ആ ജീവിതം അവസാനിക്കരുതേയെന്നും ആ പ്രസംഗം തീരരുതേയെന്നും അപൂര്‍വം ചിലരുടെ കാര്യത്തില്‍ മാത്രമേ നമ്മള്‍ ആഗ്രഹിക്കാറുള്ളു.
അവസാന സമയം പ്രായം ശരീരത്തില്‍ പ്രകടമായിരുന്നെങ്കിലും മനസ്സ് നിത്യയൗവ്വനത്തില്‍ തന്നെയായിരുന്നു. തെളിഞ്ഞ ഓര്‍മ്മ, വാക്കുകളിലെ കൃത്യത. മലയാളമായാലും ഇംഗ്ലീഷായാലും അര്‍ഥം തെറ്റാതെ പറയാനുള്ള ചാതുര്യം എന്നിവ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. മറ്റുള്ളവര്‍ 60 70 വയസില്‍ ചെയ്തു തീര്‍ക്കുന്നത് തനിക്കു ചെയ്യാന്‍ 100 വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് ദൈവത്തിനറിയാമെന്ന് സ്വന്തം പ്രായത്തെക്കുറിച്ച് തിരുമേനി നര്‍മം വിളമ്പി. തന്റെ പിന്‍ഗാമി ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് വിട നല്‍കാന്‍ 103ാം വയസില്‍ കോവിഡ് ഭീഷണിയെ മറികടന്ന് എത്താന്‍ മാര്‍ ക്രിസോസ്റ്റത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനായി.
പ്രായം പൂര്‍ണമായും കട്ടിലില്‍ തളയ്ക്കുന്നതു വരെയും അദ്ദേഹം വിശ്രമമില്ലാതെ ഓടി നടക്കുകായിരുന്നു. തന്നെ ക്ഷണിക്കുന്ന പരിപാടിക്കെല്ലാം അദ്ദേഹം പങ്കാളിയായി. നവതി പിന്നിട്ട ശേഷം ന്യൂഡല്‍ഹിയില്‍ പോയ തിരുമേനി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സോണിയ ഗാന്ധിയെയും സീതാറാം യച്ചൂരിയെയും ആത്മമിത്രങ്ങളാക്കി. തിരുമേനിയുടെ വാക്കുകള്‍ക്കു മുന്‍പില്‍ അവര്‍ എല്ലാ സമ്മര്‍ദ്ദങ്ങളും മറന്നു ചിരിച്ചു. ആരെയും വിമര്‍ശിക്കാനും കളിയാക്കാനും മലയാളികള്‍ സ്വാതന്ത്ര്യം നല്‍കിയ അപൂര്‍വം വ്യക്തികളില്‍ ഒരാളായി മാര്‍ ക്രിസോസ്റ്റം തിളങ്ങി. വിമര്‍ശിക്കപ്പെടുന്നവര്‍ പോലും തിരുമേനിയുടെ വാക്കുകള്‍ക്ക് മുന്നില്‍ പൊട്ടിച്ചിരിച്ചു.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പേ മാര്‍ ക്രിസോസ്റ്റത്തിനു ബിരുദം കിട്ടിയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിലെ ഉയര്‍ന്ന ജോലിയേക്കാള്‍ ക്രിസോസ്റ്റം ആഗ്രഹിച്ചത് ഗോപാലകൃഷ്ണ ഗോഖലയുടെ ഭാരത സേവാ സംഘത്തില്‍ ചേരാനായിരുന്നു. എന്നാല്‍, മാര്‍ത്തോമ്മാ സഭയുടെ അങ്കോള മിഷന്‍ ഫീല്‍ഡില്‍ മിഷനറിയാകാനായിരുന്നു നിയോഗം. ആദിവാസികളുടെയും മുക്കുവരുടെയും ഇടയില്‍ പോയി, അവരില്‍ ഒരുവനായി ജീവിച്ചു. കടലില്‍ മീന്‍ പിടിക്കാന്‍ പോയി. അവരെ പഠിപ്പിച്ചും അവരില്‍ നിന്നു പഠിച്ചും ജീവിതത്തെ ലളിതമാക്കി. അടിസ്ഥാനവര്‍ഗ ജീവിതത്തോട് അനുരൂപപ്പെട്ടു.
വൈദികനായിരിക്കെ, തമിഴ്‌നാട്ടിലെ ജോലാര്‍പേട്ട് റയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടറായി പ്രവര്‍ത്തിച്ചത് അപൂര്‍വതയായി. അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ അറിയാനായിരുന്നു ഈ പരീക്ഷണം. മദ്യം കഴിച്ച് പണം പാഴാക്കി നടന്ന അവരെ ആശ്രമത്തില്‍ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചു. കുടുംബം നോക്കുന്നവരാക്കി. ബിഷപ്പായപ്പോഴും ലളിത ജീവിതം കൈവിട്ടില്ല. ചെറിയ ചായക്കടകളിലെ ഭക്ഷണം കഴിച്ചു, ചന്തയില്‍ കയറി കച്ചവടക്കാരോടും ചുമട്ടു തൊഴിലാളികളോടും കുശലം പറഞ്ഞു. ജനകീയ തിരുമേനിയായി അദ്ദേഹം എന്നും നിലനിന്നു.
അദ്ദേഹത്തിന്റെ ഭക്ഷണരീതികളും കൗതുകകരമായിരുന്നു. ഭക്ഷണം കഴിയുമ്പോള്‍ ഒരു നാരങ്ങാ മിഠായി വായിലിടണം. വൈകുന്നേരം ചായയ്‌ക്കൊപ്പം ബീഫ് കട്‌ലറ്റ് കിട്ടിയാല്‍ സന്തോഷം. പഴം പൊരി ആയാലും മതി. തിരുമേനിയുടെ ഇഷ്ടം അറിഞ്ഞു വിളമ്പാന്‍ സഹായികള്‍ റെഡിയായിരുന്നു. ജീവിതത്തെ ലളിതമായി അദ്ദേഹം കണ്ടു. താമസസ്ഥലത്തെ മുയലുകളും ആടുകളും ലൗ ബേഡ്‌സും മാത്രം മതി മാര്‍ ക്രിസോസ്റ്റത്തിന്റെ സഹൃദയത്വം മനസിലാക്കാന്‍.
വലിയ ഇടയനാണെങ്കിലും ചെറിയവര്‍ക്കിടയിലാണ് അദ്ദേഹത്തെ എപ്പോഴും കാണാനാവുക. ബാങ്കായാലും പള്ളിയായാലും കടയായാലും കൂദാശ ചെയ്തു പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കാന്‍ കഴിയണമെങ്കില്‍ മനസ്സില്‍ താഴ്മ മാത്രം പോരാ, അല്‍പ്പം നര്‍മവും വേണം. മനസ്സിന്റെ കോണില്‍ എപ്പോഴും സൂക്ഷിക്കുന്ന ആ ചിരിയാണ് അദ്ദേഹത്തെ സമൂഹത്തിന്റെ സ്വന്തം ‘തിരുമേനി’യാക്കുന്നത്. ബൃഹത്തായ ജീവിതാനുഭവത്തിന്റെയും സുദീര്‍ഘമായ ധ്യാനത്തിന്റെയും തപസിന്റെയും വിരല്‍പ്പാടുകളുള്ള അദ്ദേഹത്തിന്റെ വലിയ ചിന്തകളെ ചിലപ്പോഴെങ്കിലും കേവലം ചിരിയില്‍ ഒതുക്കിക്കളയുന്നു നമ്മള്‍. മാറുന്ന ലോകത്തില്‍ മാറ്റമില്ലാത്ത ദൈവം എന്നാണ് എല്ലാവരും പഠിച്ചുവച്ചിരിക്കുന്നത്. സഭാ ഐക്യത്തിന്റെ എക്കാലത്തെയും പ്രവാചകന്‍ കൂടിയാണ് ക്രിസോസ്റ്റം.
അമ്മ വിളമ്പുന്ന അത്താഴം, പരിശുദ്ധാത്മ സാന്നിധ്യമുള്ള കൗദാശിക ഭോജനമാണ്, ആകണം എന്നു പറയാന്‍ നമുക്ക് ഒരാള്‍ മാത്രം. ജീവിതത്തിന്റെ ഏതു കര്‍മവും കൂദാശയാക്കി മാറ്റുകയും അതിനെ സമൂഹവുമായുള്ള ബന്ധത്തില്‍ വളരാനുള്ള ഉപാധിയായി കാണാനും ഒരു വലിയ മെത്രാപ്പൊലീത്ത മാത്രം. ഭൂമിക്കുവേണ്ടിയുള്ള മുഴക്കം കൂടിയാണ് പലപ്പോഴും വലിയ മെത്രാപ്പൊലീത്തയുടെ വാക്കുകള്‍. ഒരു ഉദാഹരണം: ‘ഭൂമിയിലെ വിഭവങ്ങളുടെ അപരിഹാര്യമായ ചൂഷണത്തിലേക്കും ഭൂമിയെ മലീമസമാക്കുന്നതിലേക്കും ‘വികസനം’ നമ്മെ നയിക്കുന്നു.
ഭാവിതലമുറയുടെ ജീവിതം അപകടപ്പെടുത്തുംവിധം ഭൂമിയിലെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. സമ്പത്ത് ഇന്നൊരു ചെറിയ കൂട്ടത്തിന്റെ കുത്തകയാണ്. അതിന്റെ യഥാര്‍ഥ ഉടമസ്ഥരായവര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളാക്കപ്പെട്ടു. ആദിവാസികള്‍ അവരുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍ നിന്നു പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. സമ്പന്നര്‍ക്ക് ഉന്നത ജീവിതനിലവാരം ഉറപ്പാക്കാന്‍ ശബ്ദരഹിതരായ ജനപഥങ്ങള്‍ക്ക് എല്ലാം ബലി കഴിക്കേണ്ടി വരുന്നു.
ഒരിക്കല്‍ ക്രിസോസ്റ്റം എഴുതി: സഭയുടെ പരമാധ്യക്ഷന്‍ എന്ന് മെത്രാപ്പൊലീത്തമാരെ ചിലരെങ്കിലും അഭിസംബോധന ചെയ്യും. എന്നാല്‍ സഭയുടെ പരമാധ്യക്ഷന്‍ ക്രിസ്തുവാണ്. സഭാ പ്രതിനിധി മണ്ഡലത്തിനും ആ സ്ഥാനമില്ല. അധികം പേര്‍ക്ക് അവകാശപ്പെടാനാവാത്ത ലാളിത്യമാണിത്.
1918 ഏപ്രില്‍ 27ന് തിരുവല്ല ഇരവിപേരൂരില്‍ ജനിച്ച ഫിലിപ്പ് ഉമ്മന്‍ 1944ലാണ് പൗരോഹിത്യത്തിന്റെ വിശുദ്ധപാതയിലേക്ക് കടക്കുന്നത്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ സ്‌കൂളുകളിലായിരുന്നു പഠനം. ദേശീയ പ്രസ്ഥാനത്തിന്റെ ഇടമുറിയാത്ത തീച്ചൂടേറ്റുവാങ്ങിയ കാലം അദ്ദേഹത്തെയും സ്വാധീനിച്ചു. സാമൂഹിക പ്രവര്‍ത്തനത്തിന്റെ വഴികളിലേക്കു വന്നെത്തിയത് മഹാത്മാവിന്റെ വാക്കുകളുടെ സ്വാധീനത്തിലും. യേശുദേവന്റെ പ്രകാശം ഏറ്റുവാങ്ങി അദ്ദേഹം പൗരോഹിത്യത്തിന്റെ വിശുദ്ധിയും കണ്ടെത്തി. പിന്നില്‍ നില്‍ക്കുവരുടെ കണ്ണീരും അവരോടുള്ള കടമയും നിരന്തരം ഓര്‍മിപ്പിച്ച മാര്‍ ക്രിസോസ്റ്റം അതാണ് യഥാര്‍ഥ ആരാധനയെന്ന് വിളിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലും അതിന്റെ വെളിച്ചമുണ്ടായിരുന്നു. അള്‍ത്താരയ്ക്കു പകരം ആള്‍ക്കൂട്ടത്തിലേക്ക് മിഴിയയച്ച സംന്യാസ ജീവിതം എന്ന് അദ്ദേഹത്തിന്റെ ജീവിതയാത്രയെ വിശേഷിപ്പിക്കാം.
മെത്രാന്‍ പദവിയിലെത്തുന്നവര്‍ നടന്നുപോയ വഴികളില്‍നിന്ന് തനിക്കുമാത്രം കഴിയുന്ന അനായാസത്തോടെ അദ്ദേഹം മാറിനടന്നു. ശുശ്രൂഷകള്‍ അര്‍പ്പിക്കുകയും ചടങ്ങുകളില്‍ മുന്‍നിരക്കാരനായി നില്‍ക്കുകയും ചെയ്യുമ്പോഴും ചടങ്ങുപോലെ തീരുന്ന ആത്മീയതയെ പരിഹസിച്ചു. മറ്റൊന്നാണ് ദൈവം പറഞ്ഞിട്ടുള്ളതെന്ന് ഓര്‍മിപ്പിച്ചു. അടയ്ക്കാ പറിച്ചെടുത്ത കുഞ്ഞൂട്ടിയാണ് തന്നെ ബിഷപ്പാക്കിയതെന്ന് പലവട്ടം വിളിച്ചുപറഞ്ഞു. എല്ലാ ജീവിതങ്ങളിലും അന്യന്റെ വിയര്‍പ്പും തഴമ്പും ഇഴപാകിയിട്ടുണ്ടെന്നു തന്നെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞുകൊടുത്തു. മുമ്പേ പോകുന്നവര്‍ വഴി വെട്ടിയവന്റെ ഇന്നലകളെ ഓര്‍ക്കുന്നതിനൊപ്പം അവന്റെ ഇന്നത്തെയും നാളത്തെയും വിശപ്പും മനസ്സില്‍ കരുതണമെന്ന് എഴുതിവെച്ചു. തനിക്ക് അച്ഛന്‍ തന്ന പുരയിടവും വീടും വയോജനങ്ങളുടെ ഭവനമാക്കി അദ്ദേഹം പറഞ്ഞത് സ്വന്തം ജീവിതത്തിലും പാലിച്ചു.
സ്റ്റാര്‍ഡ് അഥവാ സൗത്ത് ട്രാവന്‍കൂര്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ് എന്ന പ്രസ്ഥാനം സമൂഹത്തിലെ പിന്നാക്കക്കാരുടെ വേദനകള്‍ കണ്ടറിഞ്ഞു. അതിനുമുന്നില്‍ മാര്‍ ക്രിസോസ്റ്റം മുടന്തനായ ആട്ടിന്‍കുട്ടിക്കൊപ്പമുള്ള ഇടയനെപ്പോലെയായി. 90ാം പിറന്നാള്‍ ആഘോഷത്തിലും ഈയൊരു ദര്‍ശനം കണ്ടു. നവതി വീടുനിര്‍മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകള്‍ ഭേദിച്ച കാരുണ്യമായിരുന്നു. ഭാരതത്തിലെ 1500 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടിയത്. ഈ പരിപാടി ഇന്ത്യയും കടന്ന് മെക്‌സിക്കോയിലേക്കും വളര്‍ന്നിരിക്കുന്നു. വേദനിക്കുവന് മതവും ജാതിയും കെട്ടിയ വേലി പൊളിച്ചുതന്നെ കൈത്താങ്ങ് നല്‍കാന്‍ നിരന്തരം ഓര്‍മിപ്പിച്ച തിരുമേനി അതിന് മുതിരാത്തവരെ പരിഹസിച്ചു. അതിന്റെ ചൂടേല്‍ക്കുന്നത് വേണ്ടപ്പെട്ടവരോ സ്വന്തക്കാരോയെന്ന് നോട്ടമുണ്ടായില്ല. പുല്ലുമേട് ദുരന്തത്തില്‍ സഹായ ഹസ്തവുമായി ക്രൈസ്തവസഭകള്‍ വരാഞ്ഞതിന് കണക്കറ്റ് അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങളില്‍ സഭകള്‍ മിണ്ടാതിരുന്നാല്‍ എന്തു സാക്ഷ്യമാണ് നല്‍കാന്‍ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. അന്ന് സഹായവുമായി ക്രൈസ്തവസഭകള്‍ രംഗത്തുവന്നിരുന്നുവെങ്കില്‍ അത് 100 പ്രസംഗത്തേക്കാള്‍ ശക്തിയുള്ളതായേനെയെന്ന് തിരുമേനി വിമര്‍ശിച്ചു. ആവശ്യത്തിലുള്ളവരെ സഹായിക്കലാണ് ക്രൈസ്തവസാക്ഷ്യമെന്നും ഇങ്ങനെ ചെയ്യാത്തതുകൊണ്ട് കേരളത്തില്‍ നല്ല ശമര്യാക്കാരനോ നല്ല ക്രിസ്ത്യാനിയോ ഇല്ലെന്ന് ലോകത്തിനു വെളിപ്പെട്ടതായി അദ്ദേഹം നിരീക്ഷിച്ചു.

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker