പഴനി/തലശ്ശേരി: തലശ്ശേരിയില്‍ താമസിക്കുന്ന സേലം സ്വദേശിനിയായ 40കാരിയെ പഴനിയില്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. യുവതി പീഡനത്തിനിരയായതിന്റെ തെളിവുകളോ മറ്റ് പരിക്കുകളോ ഇല്ലെന്നാണ് ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ നല്കിയ പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളതെന്ന് ഡിണ്ടിഗല്‍ മേഖലാ ഡി.ഐ.ജി. ബി.വിജയകുമാരി പറഞ്ഞു. തലശ്ശേരിയില്‍ താമസമാക്കിയ ഡിണ്ടിഗല്‍ സ്വദേശിയാണ് പഴനിയില്‍ തീര്ഥാടത്തിനുപോയപ്പോള് ഭാര്യയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി തലശ്ശേരി പോലീസിലും തമിഴ്നാട് ഡി.ജി.പി.ക്ക് വാട്സാപ്പിലും പരാതി നല്‍കിയത്.
ജൂണ്‍ 19ന് അമ്മയും മകനുമെന്ന് പറഞ്ഞാണിവര്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് ഡി.ഐ.ജി. പറഞ്ഞു. ലോഡ്ജ് മുറിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ലോഡ്ജ് ഉടമ മുത്തുകൃഷ്ണന് ഇരുവരെയും പിറ്റേന്ന് പറഞ്ഞുവിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ പഴനി, ഡിണ്ടിഗല്‍ ഭാഗങ്ങളില്‍ ഇരുവരെയും കണ്ടതിന് സാക്ഷിമൊഴികളുണ്ട്. ഡിണ്ടിഗലിലുള്ള പരാതിക്കാരന്റെ സഹോദരിയെ ചോദ്യംചെയ്തതില്‍ ഇരുവരും വിവാഹിതരല്ലെന്നും ഇവര്‍ തമ്മില്‍ പ്രായവ്യത്യാസമുണ്ടെന്നും വിവരം ലഭിച്ചു.
ജൂലായ് ആറിന് ലോഡ്ജ് ഉടമയെ തലശ്ശേരിയില്‍നിന്ന് രണ്ട് വ്യത്യസ്ത ഫോണ്നമ്പറുകളില്നിന്ന് പോലീസ് എന്ന വ്യാജേന പരാതിക്കാരന് പലതവണ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ ഡിണ്ടിഗല്‍ ഡിവൈ.എസ്.പി. പി.ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പീഡനകഥ മെനഞ്ഞതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ സൂചന ലഭിച്ചതായും ഡി.ഐ.ജി. പറഞ്ഞു. പരാതിക്കാരന്റെ ക്രിമിനല്‍ പശ്ചാത്തലവും പരാതിക്ക് പിന്നിലെ ഗൂഢാലോചനയും കണ്ടെത്താന്‍ കേരള പോലീസുമായി സഹകരിച്ച് അന്വേഷണം തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.
പീഡനപരാതി കള്ളമാണെന്നും ലോഡ്ജില്‍ മുറിയെടുക്കാന്‍ വന്നപ്പോള്‍ അമ്മയും മകനുമാണെന്നും ഡിണ്ടിഗലില്‍ ലൈസന്‍സെടുക്കാന്‍ വന്നതാണെന്നുമാണ് പറഞ്ഞതെന്നും ലോഡ്ജ് ഉടമ മുത്തുകൃഷ്ണന് പറഞ്ഞു. മുറിയെടുക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി നല്കിയ ആധാര്‍കാര്‍ഡ് മറന്നുവെച്ചത് അഞ്ചുദിവസം കഴിഞ്ഞ് വന്ന് തിരിച്ചെടുത്തതായും ഇയാള്‍ പറഞ്ഞു.
ഇതിനിടെ, ഡിവൈ.എസ്.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച തലശ്ശേരിയിലെത്തി യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുത്തു. മൊഴിയെടുക്കല്‍ മൂന്നുമണിക്കൂറോളം നീണ്ടു. പഴനിയില്‍ നടന്ന സംഭവത്തെക്കുറിച്ചും പീഡനവിവരം പോലീസിലറിയിക്കാന്‍ വൈകിയതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ യുവതിയില്‍നിന്ന് ശേഖരിച്ചു. കേസില്‍ തലശ്ശേരി എ.സി.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം നടന്നത്. ഇതിന്റെ ഭാഗമായി ശേഖരിച്ച മൊഴികളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകളും തമിഴ്നാട് പോലീസിന് കൈമാറി.
ഇതിനിടെ യുവതി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. നാലുദിവസം മുമ്പാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്ന് യുവതിയെ പരിയാരത്തേക്ക് മാറ്റിയത്. ജൂണ്‍ 19ന് പീഡനം നടന്നതായാണ് പോലീസിന് ലഭിച്ച പരാതി. യുവതിയും ഭര്‍ത്താവും പഴനിയിലെത്തി ഉച്ചയ്ക്കുശേഷം ലോഡ്ജില്‍ മുറിയെടുത്തു. വൈകുന്നേരം ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് സമീപത്തെ ലോഡ്ജിലേക്ക് വായ പൊത്തിപ്പിടിച്ച് കൊണ്ടുപോയി രാത്രി മുഴുവന്‍ പീഡിപ്പിച്ചെന്നാണ് ഇവരുടെ മൊഴി. പിറ്റേന്ന് രക്ഷപ്പെട്ട് ഭര്‍ത്താവിനൊപ്പം തലശ്ശേരിയില്‍ മടങ്ങിയെത്തി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സതേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.