BREAKING NEWSKERALALATEST

പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍; സ്വപ്‌നയുടെ നുണക്കഥ കേരള ജനത അവജ്ഞയോടെ തള്ളും: സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം. പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. രാഷ്ട്രീയ താല്‍പര്യത്തോടെ മാസങ്ങളോളം പ്രചരിപ്പിച്ച തുടര്‍ നുണക്കഥകള്‍ ഇപ്പോള്‍ വീണ്ടും രംഗത്തിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയില്‍ അവതരിപ്പാനുള്ള ഇപ്പോഴത്തെ ശ്രമം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് കോടിയേരി വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് ചൊവ്വാഴ്ച കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്ത് ഒരു ബാഗില്‍ കറന്‍സി കടത്തിയിരുന്നതായും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഈ സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ളതാണ് രഹസ്യമൊഴിയായി നല്‍കിയിരിക്കുന്നതെന്നും സ്വപ്ന ആരോപിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker