BREAKINGNATIONAL

‘പവിത്രയോട് ചെരിപ്പ് കൊണ്ടടിക്കാന്‍ പറഞ്ഞു; അയാള്‍ അവശനായിരുന്നു, നെഞ്ചില്‍ ചവിട്ടി’; ദര്‍ശന്റെ കുറ്റസമ്മതം

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ നല്‍കിയ കുറ്റസമ്മതമൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ദര്‍ശന്റെ കുറ്റസമ്മത മൊഴിയും വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. രേണുകാസ്വാമിയെ മര്‍ദിച്ചതായി ചോദ്യംചെയ്യലില്‍ ദര്‍ശന്‍ സമ്മതിച്ചെന്നാണ് ഇതില്‍ പറയുന്നത്.
രേണുകാസ്വാമിയുടെ നെഞ്ചിലും കഴുത്തിലും തലയിലും താന്‍ മര്‍ദിച്ചെന്നാണ് ദര്‍ശന്റെ മൊഴി. നടിയും സുഹൃത്തുമായ പവിത്ര ഗൗഡയോട് രേണുകാസ്വാമിയെ ചെരിപ്പ് കൊണ്ടടിക്കാന്‍ ആവശ്യപ്പെട്ടെന്നും നടന്‍ മൊഴി നല്‍കിയിട്ടുണ്ട്.
”ഞാന്‍ കാണുമ്പോഴേ രേണുകാസ്വാമി അവശനായിരുന്നു. നേരത്തെ തന്നെ അയാളെ ഉപദ്രവിച്ചിരുന്നതായാണ് തോന്നിയത്. തുടര്‍ന്ന് ഞാന്‍ അയാളുടെ കഴുത്തിന് സമീപത്തും നെഞ്ചിലും തലയിലും ചവിട്ടി. കൈകൊണ്ടും തടികഷണം കൊണ്ടും മര്‍ദിച്ചു. അയാളെ ചെരിപ്പ് കൊണ്ടടിക്കാന്‍ പവിത്രയോട് ആവശ്യപ്പെടുകയുംചെയ്തു”, നടന്‍ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞു.
ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ജൂണ്‍ ഒന്‍പതാം തീയതി പുലര്‍ച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേര്‍ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടന്‍ ദര്‍ശനും നടി പവിത്രയ്ക്കും കൃത്യത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതിക്രൂരമായാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമര്‍ദനത്തിലും ഷോക്കേല്‍പ്പിച്ചും ജനനേന്ദ്രിയം തകര്‍ത്തതായും പോലീസ് പറഞ്ഞിരുന്നു. കേസില്‍ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. നടന്‍ ദര്‍ശന്‍ രണ്ടാംപ്രതിയും. ഇവര്‍ക്ക് പുറമേ 15 പേര്‍ കൂടി കേസിലെ പ്രതിപ്പട്ടികയിലുണ്ട്.

Related Articles

Back to top button