ബെംഗലൂരു: ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയുടെ സുഹൃത്തും കേസിലെ പ്രതിയുമായ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിൽ മേക്കപ്പിട്ട് പ്രത്യക്ഷപ്പെട്ടതില്‍ നടപടി. കർണാടക പോലീസ് ബുധനാഴ്ച സംഭവത്തില്‍ പവിത്രയുടെ സുരക്ഷ ചുമതലയുള്ള വനിതാ സബ് ഇൻസ്‌പെക്ടർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.രേണുകസ്വാമി വധക്കേസിലെ മുഖ്യപ്രതിയായ പവിത്രയെ ബംഗളൂരുവിലെ വസതിയിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വസതിയിൽ നിന്ന് തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചിരുന്നതായി വീഡിയോ സഹിതം കന്നഡ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അനാസ്ഥയുടെ പേരിൽ ഡിസിപി (വെസ്റ്റ്) എസ്ഐക്ക് നോട്ടീസ് നൽകുകയും വിശദീകരണം തേടുകയും ചെയ്തത്. സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാകും എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
രേണുക സ്വാമി വധക്കേസില്‍ പവിത്ര ഗൗഡ ഒന്നാം പ്രതിയാണ്. മുൻനിര കന്നഡ ചലച്ചിത്ര നടൻ ദർശൻ തൂഗുദീപ കേസില്‍ രണ്ടാം പ്രതിയാണ്.