BREAKING NEWSCRICKETLATESTSPORTS

പാകിസ്ഥാനെ തകര്‍ത്ത് ടി20 ലോക കിരീടം ഇംഗ്ലണ്ടിന്

ടി20 ലോകകിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇംഗ്ലണ്ട് രണ്ടാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. ആവേശം അവസാന നിമിഷം വരെ നിന്ന, ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചാണ് ഇംഗ്ലണ്ട് കിരീടത്തില്‍ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്താണ് വിജയവും കപ്പും നേടിയത്. 1992ലെ ഏകദിന ലോകകപ്പിനെ അനുസ്മരിപ്പിക്കും വിധം ഫൈനലിലേക്ക് കുതിച്ചെത്തിയ പാകിസ്ഥാനെ ബാറ്റിങിലും ബൗളിങിലും നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോക കിരീട നേട്ടം.

2010ലാണ് ഇംഗ്ലണ്ട് കന്നി കിരീടം സ്വന്തമാക്കിയത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം മെല്‍ബണില്‍ അവര്‍ രണ്ടാം കിരീടം ഉയര്‍ത്തി. വെസ്റ്റ് ഇന്‍ഡീസിന് ശേഷം ടി20 ലോകകപ്പ് രണ്ട് തവണ സ്വന്തമാക്കുന്ന ടീമായും ഇതോടെ ഇംഗ്ലണ്ട് മാറി.ഓരേ സമയം ഏകദിന, ടി20 ലോക കിരീടങ്ങള്‍ കൈവശം വയ്ക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇനി ഇം??ഗ്ലണ്ടിന് സ്വന്തം.

ബെന്‍ സ്റ്റോക്സിന്റെ ഉജ്ജ്വല അര്‍ധ ശതകമാണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തിന്റെ കാതല്‍. 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം സ്റ്റോക്സ് 52 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന് ഒരു റണ്ണുമായി ലിയാം ലിവിങ്സ്റ്റന്‍ കൂട്ടായി.138 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിനെ നഷ്ടമായി. മനോഹരമായൊരു പന്തില്‍ ഷഹീന്‍ അഫ്രീദിയാണ് ഇംഗ്ലീഷ് ഓപ്പണറെ മടക്കിയത്. താരം ഒരു റണ്ണുമായി മടങ്ങി.

മറുഭാഗത്ത് സഹ ഓപ്പണറും നായകനുമായ ജോസ് ബട്ലര്‍ കൂറ്റനടികളിലൂടെ പാക് നിരയ്ക്ക് ഭീഷണി ഉയര്‍ത്തി നിന്നു. അതിനിടെ അലക്സ് സാള്‍ട്ടിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. താരം പത്ത് റണ്‍സില്‍ പുറത്തായി. സ്‌കോര്‍ 45ല്‍ നില്‍ക്കെ ബട്ലറെ മടക്കി ഹാരിസ് റൗഫ് പാക് നിരയ്ക്ക് ആശ്വാസം നല്‍കി. 17 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം ബട്ലര്‍ 26 റണ്‍സെടുത്തു. നാലാമനായി ക്രീസിലെത്തിയ ബെന്‍ സ്റ്റോക്സ് ഹാരി ബ്രൂകിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് കരുപ്പിടിപ്പിച്ചതോടെ ഇംഗ്ലണ്ട് അങ്കലാപ്പ് ഒഴിവാക്കിയെന്ന് തോന്നിച്ചു. എന്നാല്‍ 20 റണ്‍സെടുത്ത ഹാരി ബ്രൂകിനെ ഷദബ് ഖാന്‍ മടക്കിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു.

എന്നാല്‍ പിന്നീടെത്തിയ മൊയിന്‍ അലി സ്റ്റോക്സിനൊപ്പം ചേര്‍ന്ന് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് കളി തിരികെ പിടിച്ചു. മൊയിന്‍ എത്തിയതോടെ അതുവരെ നിലയുറപ്പിച്ച് കളിച്ച സ്റ്റോക്സ് ഗിയര്‍ മാറ്റി വമ്പന്‍ അടികള്‍ തുടങ്ങിയതോടെ പാകിസ്ഥാന്റെ തോല്‍വി ഏതാണ്ട് നിര്‍ണയിക്കപ്പെട്ടു. തുടരെ ബൗണ്ടറികളുമായി ഇരുവരും കളം വാണു.

വിജയത്തിലേക്ക് നീങ്ങുന്നതിനിടെ മൊയിന്‍ അലിയെ പുറത്താക്കി മുഹമ്മദ് വാസിം ഞെട്ടിച്ചെങ്കിലും ഇംഗ്ലീഷ് ജയത്തെ തടുക്കാനൊന്നും അതിന് സാധിച്ചില്ല. മൊയിന്‍ അലി 12 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 19 റണ്‍സ് കണ്ടെത്തി. പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റനെ കൂട്ടുപിടിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിനെ മറ്റൊരു വിശ്വ കിരീടത്തിലേക്ക് ആനയിച്ചു.  പാകിസ്ഥാനായി ഹാരിസ് റൗഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അഫ്രീദി, ഷദബ് ഖാന്‍, മുഹമ്മദ് വാസിം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് കൃത്യമായൊരു കൂട്ടുകെട്ട് ഉയര്‍ത്താന്‍ സാധിക്കാതെ പോയി. ബാറ്റിങ് പവര്‍പ്ലേയിലടക്കം ബോര്‍ഡിലേക്ക് കാര്യമായി റണ്‍സ് എത്താഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി മാറി. ഇംഗ്ലീഷ് സ്പിന്നര്‍മാരും പേസര്‍മാരും ചേര്‍ന്ന് പാക് ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കിയതോടെ കൃത്യമായ ഇടവേളകളില്‍ പാക് ബാറ്റിങ് നിര ഒന്നൊന്നായി കൂടാരം കയറി.

നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുത സാം കറന്‍ ഉജ്ജ്വലമായി പന്തെറിഞ്ഞു. ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ബെന്‍ സ്റ്റോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.

നാലാം ഓവറിന്റെ രണ്ടാം പന്തിലാണ് പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. ഒപ്പണര്‍ മുഹമ്മദ് റിസ്വാനെ മടക്കി സാം കറനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ആദില്‍ റഷീദ് മുഹമ്മദ് ഹാരിസിനെ മടക്കി പാകിസ്ഥാനെ സമര്‍ദ്ദത്തിലേക്ക് തള്ളിയിടാന്‍ ശ്രമം നടത്തി. റിസ്വാന്‍ 15 റണ്‍സുമായും ഹാരിസ് എട്ട് റണ്‍സുമായും മടങ്ങി.

മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ഷാന്‍ മസൂദ് ചേര്‍ന്നതോടെ പാകിസ്ഥാന്‍ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റ് 45 റണ്‍സില്‍ നഷ്ടമായ പാകിസ്ഥാന് പിന്നീട് 84ല്‍ വച്ച് ബാബറിനേയും നഷ്ടമായി. താരത്തെ സ്വന്തം പന്തില്‍ മികച്ച ക്യാച്ചിലൂടെ ആദില്‍ റഷീദാണ് മടക്കിയത്. ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കിയ നിമിഷം കൂടിയായിരുന്നു അത്. പിന്നീട് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. 28 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 32 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്.

ഷാന്‍ മസൂദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. താരം 28 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും സഹിതം 38 റണ്‍സെടുത്തു. പാക് ഇന്നിങ്സിലെ ഏക സിക്സും ഷാനിന്റെ പേരിലാണ്. 14 പന്തില്‍ 20 റണ്‍സെടുത്ത ഷദബ് ഖാനാണ് രണ്ടക്കം കടന്ന മറ്റൊരു പാക് ബാറ്റര്‍.ഇഫ്തിഖര്‍ അഹമ്മദ് (0), മുഹമ്മദ് നവാസ് (5), മുഹമ്മദ് വസിം (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഷഹീന്‍ അഫ്രീദി (5), ഹാരിസ് റൗഫ് (1) എന്നിവര്‍ പുറത്താകാതെ നിന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker