ന്യൂഡല്‍ഹി: പാക് എംബസിയില്‍നിന്ന് മാമ്പഴങ്ങള്‍ ഉപഹാരമായി സ്വീകരിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശവുമായി ബിജെപി. റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ക്ക് പാകിസ്താനുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.
‘ഉത്തര്‍പ്രദേശിലെ മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പാകിസ്താന്‍ എംബസി രാഹുലിന് മാമ്പഴങ്ങള്‍ അയച്ചിരിക്കുകയാണ്. മറ്റെന്തൊക്കെയാണ് തനിക്ക് ഇഷ്ടമെന്ന് രാഹുല്‍ പറയണം’, മന്ത്രി എഎന്‍ഐയോട് പറഞ്ഞു. മോദിയെ തകര്‍ക്കാനുള്ള വഴി തേടി രാഹുല്‍ പാക്കിസ്താനെ സമീപിച്ചെന്നും പാക്കിസ്താനുമായി രാഹുലിന് അവിശുദ്ധ ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു.
‘പ്രതിപക്ഷ എം.പിമാര്‍ മാമ്പഴങ്ങള്‍ സ്വീകരിച്ചത് അവരുടെ ഹൃദയം ഇരിക്കുന്ന ഇടത്തുനിന്നാണെ’ന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും വിമര്‍ശിച്ചു. തിരഞ്ഞെടുത്ത ചില എം.പി മാര്‍ക്ക് മാത്രം പാക് ഹൈക്കമ്മീഷന്‍ മാമ്പഴം അയക്കുന്നതെന്തിനെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യയും ചോദിച്ചു.
പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ഏഴ് എം.പിമാര്‍ക്ക് പാകിസ്താന്‍ ഹൈക്കമ്മീഷന്‍ മാമ്പഴപ്പെട്ടികള്‍ അയച്ചെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഹുലിനെക്കൂടാതെ രാജ്യസഭാ എം.പി കബില്‍ സിബല്‍, കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, സമാജ്വാദി പാര്‍ട്ടി എം.പിമാരായ മൊഹിബുള്ള നദ്വി, സിയാ ഉള്‍ റഹ്‌മാന്‍ ബാര്‍ഖ്, ഇഖ്‌റ ഹസ്സന്‍, അഫ്‌സല്‍ അന്‍സാരി എന്നിവര്‍ക്കാണ് എംബസിയില്‍നിന്ന് മാമ്പഴം ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
57 1 minute read