BREAKING NEWSKERALA

പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം: ചിന്താ ജെറോം

തൃശൂര്‍: കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദേശത്തിനു പിന്നാലെ പിന്തുണയുമായി യുവജന കമ്മീഷനും. പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ വിദ്യാഭ്യാസം ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനു ശുപാര്‍ശ നല്‍കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോം വ്യക്തമാക്കി. ജില്ലായുവജനക്ഷേമ അദാലത്തിനു ശേഷം തൃശൂരില്‍ വെച്ച് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ചിന്താ ജെറോം ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കോളേജുകളില്‍ ജെന്‍ഡര്‍ എജ്യക്കേഷന്‍ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീധന പീഡനം സംബന്ധിച്ച് യുവജന കമ്മീഷന്റെ ഇ മെയില്‍ വിലാസത്തിലും വാട്‌സാപ്പ് വഴിയും ലഭിക്കുന്ന പരാതികളില്‍ ജില്ലകളില്‍ സോണ്‍ അടിസ്ഥാനത്തില്‍ സിറ്റിങ് നടത്തുന്നുണ്ടെന്ന് ചിന്താ ജെറോം പറഞ്ഞു. പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യങ്ങള്‍ അത്തരത്തില്‍ പരിഹരിക്കുമെന്നും തുടര്‍നടപടി ആവശ്യമെങ്കില്‍ കേസെടുത്ത് മുന്നോട്ടു പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവിയാണ് ആവശ്യപ്പെട്ടത്. ലൈംഗിക വിദ്യാഭ്യാസം എന്നു കേട്ടാല്‍ പലരുടെയും നെറ്റി ചുളിയുന്ന സാഹചര്യമാണുള്ളത്. ഇതിനെപ്പറ്റി പറയുമ്പോള്‍ പലപ്പോഴും എതിര്‍പ്പും ഉയരാറുണ്ട്. 10ഉം 12ഉം വയസുള്ള കുട്ടികള്‍ പോലും പ്രണയബന്ധങ്ങളില്‍ അകപ്പെടുന്നുണ്ടെന്നും ഇന്നത്തെ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴി അബദ്ധജടിലമായ ധാരണകളാണ് സമൂഹത്തിലുള്ളതെന്നും ഇതാണ് കുട്ടികളുടെ മനസ്സിലേയ്ക്ക് എത്തുന്നതെന്നും സതീദേവി പറഞ്ഞു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് നല്ല രീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം നല്‍കിയാല്‍ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു ലിംഗനീതി സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കണമന്നും ഇതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകളില്‍ പ്രോജക്ടുകള്‍ നടപ്പാക്കണമെന്നും പി സതീദേവി വ്യക്തമാക്കി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ച് ബിരുദവിദ്യാര്‍ഥിനിയെ സഹപാഠി ആക്രമിച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം. മരിച്ച നിതിനയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു അഡ്വ. സതീദേവി ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
ലൈംഗികവിദ്യാഭ്യാസം നടപ്പിലാക്കിയാല്‍ ഇത്തരം പ്രവണതകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ അറിയിച്ചു. വിദ്യാഭ്യാസമുള്ള യുവാക്കളില്‍ ഇത്തരം പ്രവണതകള്‍ വര്‍ധിക്കാനുള്ള കാരണം പഠിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 18 വയസായാല്‍ പക്വത ആകണമെന്നില്ലെന്നും വിവാഹത്തിനു മുന്‍പ് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നും അവര്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker