BREAKING NEWSNATIONAL

പാതിയോളം പേര്‍ക്കും കുരുക്കള്‍ ഗുഹ്യഭാഗത്ത്; കണ്ടെത്താത്ത മങ്കി പോക്‌സ് രോഗികളെത്ര?

വാഷിങ്ടണ്‍: കൊവിഡ് 19 രോഗബാധയ്‌ക്കൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഇതിനോടകം നാം ശീലിച്ചെങ്കിലും മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇന്നും ലോകം ഇന്നും മുക്തമായിട്ടില്ല. മാറുന്ന കാലത്ത് ആഗോളതാപനം അടക്കമുള്ള പ്രതിഭാസങ്ങളുടെ ഫലമായി ഇനിയും മഹാമാരികള്‍ ഉണ്ടായേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇതിനിടെയാണ് മുന്‍പ് കേരളത്തിലടക്കം ആശങ്കയുണ്ടാക്കിയ വസൂരിയുടെ ബന്ധുവായ മങ്കി പോക്‌സ് വിവിധ ലോകരാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത്.
ഇതിനോടകം കേരളത്തില്‍ മാത്രം മൂന്ന് മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലാദ്യമായി കേരളത്തിലാണ് രോഗം സ്ഥിരീകരിച്ചതും. മുന്‍വര്‍ഷങ്ങളില്‍ ലോകത്ത് പലയിടത്തും മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇക്കൊല്ലം കേസുകളുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയടക്കം പല രാജ്യങ്ങളിലേയ്ക്കും രോഗം പകരുകയും ചെയ്തു. ഇതിനിടെ പകര്‍ച്ചവ്യാധി എന്ന നിലയില്‍ മങ്കി പോക്‌സിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍.
ആഗോള പകര്‍ച്ചവ്യാധിയെന്ന നിലയില്‍ മങ്കി പോക്‌സിനെ നിയന്ത്രിക്കാന്‍ സാധ്യമായ കാലപരിധി ഉടന്‍ അവസാനിച്ചേക്കുമെന്നാണ് അറ്റലാന്റയിലെ ഇമോറി സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ബോഗുമ ടൈറ്റന്‍ജി വ്യക്തമാക്കുന്നത്. മെയ് മാസം മുതല്‍ ഇതുവരെ 15,700 പേരെയാണ് രോഗം ബാധിച്ചത്. ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട ആരോഗ്യ അടിയന്തരാവസ്ഥയായി മങ്കി പോക്‌സിനെ കണക്കാക്കണോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിനിടയിലാണ് പകര്‍ച്ചവ്യാധി വിദഗ്ധന്റെ നിരീക്ഷണം.
ആഫ്രിക്കയിലെ പല രാജ്യങ്ങളിലും നിരവധി വര്‍ഷങ്ങളായി വാനര വസൂരി എന്ന മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തു വരുന്നുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ മങ്കി പോക്‌സ് ഒരു ആരോഗ്യപ്രശ്‌നമാകാനുള്ള സാധ്യത അവഗണിക്കപ്പെടുകയായിരുന്നു എന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധ ആന്‍ റിമോണ്‍ പറയുന്നു. കോംഗോയിലും നൈജീരിയയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മറ്റു കേന്ദ്രങ്ങളിലും വര്‍ഷങ്ങളായി മങ്കി പോക്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആഫ്രിക്കയ്ക്ക് പുറത്തേയ്ക്ക് രോഗം പകര്‍ന്നപ്പോള്‍ മാത്രമാണ് രോഗത്തിനതെിരെ ജാഗ്രത ശക്തിപ്പെട്ടത്. ഓരോ രാജ്യങ്ങളും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും കേന്ദ്രീകൃതമായ പ്രതിരോധ സംവിധാനം ഇനിയും രൂപപ്പെട്ടിട്ടില്ല.
വികസിത രാജ്യങ്ങള്‍ പലരും പരിശോധനകളും മുന്‍കരുതല്‍ മാര്‍ഗങ്ങളും സ്വീകരിച്ച് രോഗത്തെ നിയന്ത്രിച്ചപ്പോള്‍ ആഫ്രിക്കയിലെ പല ദരിദ്രരാജ്യങ്ങള്‍ക്കു ഇതിനു സാധിച്ചില്ല. ഈ അസമത്വമാണ് രോഗം എല്ലാ വര്‍ഷവും ആവര്‍ത്തിക്കാനും കാരണമായത്. നിലവിലെ സാഹചര്യത്തില്‍ രോഗം നിയന്ത്രിക്കാന്‍ വികസിത രാജ്യങ്ങള്‍ക്ക് വരെ ദുഷ്‌കരമായിട്ടുണ്ട്. രോഗം എങ്ങനെയാണ് പരക്കുന്നതെന്നും പ്രതിരോധത്തെയും ചികിത്സയെയും കുറിച്ചുള്ള അറിവും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. എന്നാല്‍ രോഗനിര്‍ണയത്തിനുള്ള പരിശോധനകളിലെ കൃത്യതയില്ലായ്മ മങ്കി പോക്‌സ് പ്രതിരോധത്തില്‍ വലിയ വീഴ്ചയാണ്.
അതേസമയം, രോഗത്തെക്കുറിച്ചുള്ള ചില പ്രതിച്ഛായകളും പ്രതിരോധത്തില്‍ തിരിച്ചടിയാണ്. രോഗം പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തത് സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ക്കിടയിലാണ്. 16 രാജ്യങ്ങളിലായി രോഗം ബാധിച്ച 528 പേരല്‍ നടത്തിയ പഠനത്തില്‍ 98 ശതമാനം പേരും ഗേ അല്ലെങ്കില്‍ ബൈസെക്ഷ്വല്‍ ആണെന്ന് വെളിപ്പെടുത്തിയെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ജൂലൈ 21ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു. രോഗബാധയുള്ള ചില രാജ്യങ്ങളിലെങ്കിലും സ്വവര്‍ഗാനുരാഗികളെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്ന സ്ഥിതി വിശേഷമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ രോഗം സ്ഥിരീകരിക്കുന്നവരില്‍ എത്ര പേര്‍ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്ന കാര്യത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. ചികിത്സയ്‌ക്കെത്തിയ മങ്കി പോക്‌സ് രോഗികളില്‍ കാല്‍ ഭാഗത്തോളം പേരില്‍ മാത്രമാണ് മുഖത്ത് കുരുക്കളുണ്ടായിരുന്നതെന്നും 10 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് കൈകളിലോ കാലുകളിലോ രോഗബാധയുടെ അടയാളങ്ങള്‍ ഉണ്ടായിരുന്നതെന്നും ചില പഠനങ്ങള്‍ പറയുന്നു.
രോഗികളായ 73 ശതമാനം പേരിലും ഗുഹ്യഭാഗങ്ങളിലാണ് കുരുക്കള്‍ ഉണ്ടായിരുന്നത്. 55 ശതമാനം പേര്‍ക്ക് വയറ്റിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. വായയ്ക്കുള്ളിലും ചിലര്‍ക്ക് കുരുക്കള്‍ രൂപപ്പെട്ടു. ഗുഹ്യഭാഗത്തെ കടുത്ത വേദന മൂലമായിരുന്നു 21 ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് കണ്ടിലെ ചുവന്ന തടിപ്പുകളും വൃക്ക തകരാറുകളും തൊണ്ടയിലെ കുരുക്കള്‍ മൂലം ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുമായിരുന്നു അലട്ടിയത്.
മറ്റു പല പകര്‍ച്ചവ്യാധികളെയും അപേക്ഷിച്ച് മരണസാധ്യത വളരെ കുറവാണെങ്കിലും രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം പ്രതീക്ഷകള്‍ക്ക് അപ്പുറമാണെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ രോഗം ബാധിച്ച പലര്‍ക്കും ശരീരത്തില്‍ സ്ഥിരമായ പാടുകളുണ്ടാകുമെന്നും പലര്‍ക്കുംഭക്ഷണം കഴിക്കാനോ മലമൂത്രവിസര്‍ജനം ചെയ്യാനോ ബുദ്ധിമുട്ടുകയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ലൈംഗികബന്ധത്തിലൂടെയല്ലാതെ രോഗിയുമായി അടുത്തിടപഴകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നും സിഡിസി വ്യക്തമാക്കുന്നുണ്ട് രോഗലക്ഷണങ്ങള്‍ കാണിക്കാത്ത പുരുഷന്മാര്‍ വഴി രോഗം വലിയ തോതില്‍ പകരുന്നുണ്ടെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ രോഗം പകരുന്നത് ലൈംഗികമാര്‍ഗങ്ങളിലൂടെ മാത്രമാണെന്ന പ്രചാരണം ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker