BREAKINGKERALA
Trending

പാപ്പനംകോട്ടെ തീപ്പിടിത്തം; മരണത്തില്‍ ദുരൂഹത, വൈഷ്ണയുടെ ഭര്‍ത്താവിനായി അന്വേഷണം

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വൈഷ്ണയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്.
ആരംഭത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചെന്നാണ് പുറത്തുവന്നിരുന്നതെങ്കിലും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുരുഷനാണെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ സേവനത്തിനായി എത്തിയ ആളാണോ അതല്ലെങ്കില്‍ യുവതിക്ക് പരിചയമുള്ള ആരെങ്കിലുമാണോ എന്ന അന്വേഷണമാണ് ആദ്യം നടന്നത്. എന്നാല്‍ വൈഷ്ണയുടെ കുടുംബം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ദുരൂഹതയുള്ളതായി മനസ്സിലാക്കി.
വൈഷ്ണയും ഭര്‍ത്താവും കഴിഞ്ഞ ആറുവര്‍ഷമായി വേര്‍പ്പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും ഇടയ്ക്കിടെ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വൈഷ്ണയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും മരിച്ചതാണോ എന്ന സംശയം കുടുംബവും പ്രകടിപ്പിച്ചു. മരിച്ച രണ്ടാമത്തെയാള്‍ ആരാണെന്നറിയാന്‍ സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. എന്താണ് തീപ്പിടിത്തത്തിന് കാരണം എന്നതില്‍ വ്യക്തമല്ല. ഓഫീസ് പൂര്‍ണമായും കത്തിയനിലയിലാണ്. മരിച്ച രണ്ടാമത്തെ ആള്‍ പുറത്തുനിന്ന് ഓഫീസിലെത്തിയതാണ്. ഇവര്‍ ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തില്‍ വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറയുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിക്കുള്ളില്‍ നിന്ന് പെട്ടെന്നാണ് തീ ആളിപ്പടര്‍ന്നത്.
നാട്ടുകാര്‍ ഓടിക്കൂടി അരമണിക്കൂറുകൊണ്ട് തി കെടുത്തിയെങ്കിലും രണ്ടുപേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്ന കാര്യം ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
ആദ്യം ഗ്ലാസ് പൊട്ടിത്തെറിച്ചു. ഇതിന് ശേഷം പുകയും തീയും പുറത്തുവന്നു. അപ്പോഴും ആരും പുറത്തേക്ക് വന്നില്ല. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ഓടിക്കൂടി. വൈഷ്ണ മാത്രമാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. ഓഫീസ് മുറിക്കുള്ളിലെ എ.സി. കത്തിനശിച്ചിട്ടുണ്ട്. ഇത് പൊട്ടിത്തെറിച്ചതാണോ, അതോ ആരെങ്കിലും തീയിട്ടതാണോ എന്നതിനേപ്പറ്റി പരിശോധന നടക്കുന്നുണ്ട്.

Related Articles

Back to top button