തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണംകുറയ്ക്കാന്‍ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രതിവിഷം ലഭ്യമാക്കും. 850-ഓളം കുടുംബാരോഗ്യകേന്ദ്രങ്ങളുണ്ട്. ഒരുവര്‍ഷത്തിനകം ഈ നടപടി പൂര്‍ത്തിയാകും. സംസ്ഥാനത്ത് ഈ വര്‍ഷം മനുഷ്യ-വന്യജീവിസംഘര്‍ഷത്തില്‍ മരിച്ച 44 പേരില്‍ 22 പേരും പാമ്പുകടിയേറ്റാണ് മരിച്ചത്.
അഞ്ചുവര്‍ഷത്തിനകം പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ‘പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം’ എന്നപരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിക്കും. ഇതിനുള്ള പരിശീലനമാണ് ആദ്യഘട്ടത്തില്‍ നടക്കുക.
ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യു, മൃഗസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ പ്രതിവിഷം ലഭ്യമല്ലാത്ത മുഴമൂക്കന്‍ കുഴിമണ്ഡലി (ഹംപ്നോസ് പിറ്റ് വൈപ്പര്‍) വിഷത്തിനുള്ള പ്രതിവിഷം വികസിപ്പിക്കാന്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനോടാവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചുവര്‍ഷത്തിനിടെ 221 പേര്‍ പാമ്പുകടിയേറ്റ് മരിച്ചെന്നാണ് വനംവകുപ്പിന്റെ കണക്ക്.മൂര്‍ഖന്‍, അണലി, ചുരുട്ട മണ്ഡലി, ശംഖുവരയന്‍ എന്നിവയുടെ വിഷത്തിന് പോളിവാലന്റ് പ്രതിവിഷമാണ് നിലവിലുള്ളത്. ഇവ ഫലപ്രദവുമാണ്.
എന്നാല്‍, മുഴമൂക്കന്‍ കുഴിമണ്ഡലി, ചോലമണ്ഡലി എന്നിവയുടെ കടിയേറ്റാല്‍ പോളിവാലന്റ് കുത്തിവെക്കുന്നത് അപകടകരവുമാണ്.
57 Less than a minute