വാഷിങ്ടണ്‍: ‘എലിയെ കൊല്ലാന്‍ ഇല്ലംചുടുക’ എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. അക്ഷരാര്‍ഥത്തില്‍ ഇതിന് സമാനമായ കാര്യമാണ് അമേരിക്കയിലെ മേരിലാന്‍ഡില്‍ സംഭവിച്ചത്. വീടിനുള്ളില്‍ കയറിയ പാമ്പുകളെ പുകച്ചു പുറത്തുചാടിക്കാനുള്ള വീട്ടുടമയുടെ ശ്രമം പാളിയപ്പോള്‍ 18 ലക്ഷം യു.എസ്. ഡോളറിന്റെ (ഏകദേശം 13 കോടി രൂപ) വീട് കത്തിച്ചാമ്പലായി. പുകയ്ക്കാന്‍ വെച്ച കല്‍ക്കരിയില്‍നിന്ന് തീ പടര്‍ന്നതാണ് വീടിന്റെ ഒരു ഭാഗം കത്തിയമരാന്‍ ഇടയാക്കിയത്.
അമേരിക്കയിലെ മേരിലാന്‍ഡില്‍ നവംബര്‍ 23നാണ് സംഭവം. ഒന്നിലധികം നിലകളുള്ള, ഏകദേശം 10,000 ചതുരശ്ര അടി വലിപ്പമുള്ള വീടിനാണ് തീപിടിച്ചത്. വീടിന്റെ ബേസ്മെന്റില്‍നിന്ന് പടര്‍ന്ന തീ, മറ്റു നിലകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.
വീടിനുള്ളിലെ പാമ്പുകളുടെ ശല്യമാണ് അവയെ പുകച്ചുപുറത്തുചാടിക്കാനുള്ള ശ്രമം നടത്താന്‍ ഉടമയെ പ്രേരിപ്പിച്ചത്. ഈ വീട്ടില്‍ മുന്‍പ് താമസിച്ചിരുന്നയാള്‍ക്കും പാമ്പുകളുടെ ശല്യം നേരിടേണ്ടി വന്നിരുന്നു. പുകയ്ക്കാനായി വീട്ടുടമ കല്‍ക്കരിയാണ് ഉപയോഗിച്ചത്. കത്തിച്ച കല്‍ക്കരിക്ക് സമീപത്ത് എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയത്. തുടര്‍ന്ന് വീടിനും തീപിടിക്കുകയായിരുന്നെന്ന് മോണ്ട്ഗോമറി കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ മുഖ്യവക്താവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
തീപിടിച്ച സമയത്ത് വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട് അതുവഴി പോയ അയല്ക്കാരന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീയണയ്ക്കാനായത്.
പത്തുലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് കരുതുന്നത്. ഈയടുത്ത് 18 ലക്ഷം ഡോളറിനാണ് ഈ വീട് താമസക്കാരന് വാങ്ങിയത്. അതേസമയം, വീട്ടിലെ പാമ്പുകളുടെ അവസ്ഥ എന്തായി എന്ന കാര്യം വ്യക്തമല്ല.