BREAKINGNATIONAL

‘പാര്‍ട്ടി ശാസിച്ചു, വാക്കുകളില്‍ ജാഗ്രതപാലിക്കും’; കര്‍ഷക സമരത്തിനെതിരായ മോശം പരാമര്‍ശത്തില്‍ ബിജെപി എംപി കങ്കണ

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിന് പാര്‍ട്ടി നേതൃത്വം തന്നെ ശാസിച്ചെന്ന് ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണൗത്ത്. ഭാവിയില്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്.
‘പാര്‍ട്ടി നേതൃത്വം എന്നെ ശാസിച്ചു. അതില്‍ എനിക്കൊരു പ്രശ്നവുമില്ല. പാര്‍ട്ടിയിലെ അവസാന വാക്ക് ഞാനല്ല. അങ്ങനെ കരുതാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്. പാര്‍ട്ടിയുടെ നയത്തേയും നിലപാടിനേയും ഞാന്‍ മുറിവേല്‍പ്പിച്ചെങ്കില്‍ അതില്‍ എന്നേക്കാള്‍ മുറിവേല്‍ക്കുന്നതായി ആരുമില്ല.’ -കങ്കണ റണൗത്ത് പറഞ്ഞു.
സര്‍ക്കാര്‍ ശക്തമായി നിലകൊണ്ടില്ലായിരുന്നെങ്കില്‍ കര്‍ഷകസമരം ഇന്ത്യയില്‍ ബംഗ്ലാദേശിന് സമാനമായ പ്രതിസന്ധി ഉണ്ടാക്കുമായിരുന്നു എന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. സമരത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ചൈനയ്ക്കും യു.എസ്സിനും പങ്കുണ്ടെന്നും ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നുള്ള എം.പിയായ കങ്കണ റണൗത്ത് പറഞ്ഞിരുന്നു.
കങ്കണയുടെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നുയര്‍ന്നത്. കങ്കണയുടെ പരാമര്‍ശത്തില്‍ ആദ്യം മൗനം പാലിച്ച ബി.ജെ.പി. പിന്നീട് അതിനെ അപലപിച്ചു. നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അഭിപ്രായം പറയാന്‍ കങ്കണ റണൗത്തിനെ അധികാരപ്പെടുത്തിയിട്ടില്ല എന്നാണ് ബി.ജെ.പി. പ്രതികരിച്ചത്.

Related Articles

Back to top button