തിരുവനന്തപുരം: സിപിഐക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളില്‍ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാര്‍ട്ടിയെ അമ്മയെ പോലെ കരുതണമെന്ന് ഡി.രാജ പറഞ്ഞു. പാര്‍ട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാര്‍ട്ടിയെ സ്നേഹിക്കാന്‍ കഴിയണം. അവനവന്റേതെന്ന് കരുതണം… ഡി.രാജ തിരുവനന്തപുരത്ത് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.രാജ വ്യക്തമാക്കി. പാര്‍ട്ടി സമ്മേളനത്തിന് മുന്നോടിയായി കാനം ചേരിയും കെ.ഇ.ഇസ്മയിലും സി.ദിവാകരനും നേതൃത്വം നല്കുന്ന കാനം വിരുദ്ധ ചേരിയും തമ്മില്‍ അഭിപ്രായ വ്യത്യാസം പ്രകടമായതിനിടയിലാണ് പാര്‍ട്ടിയാണ് വലുതെന്ന സന്ദേശ് അഖിലേന്ത്യ നേതൃത്വം പങ്കുവയ്ക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ ഇടത് പാര്‍ട്ടികള്‍ തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോള്‍ തൃപ്തികരമല്ലെന്ന് ഡി.രാജ പറഞ്ഞു. കേരള, ബംഗാള്‍ ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഡി.രാജ വിമര്‍ശനം ഉന്നയിച്ചത്. ഇടത് പാര്‍ട്ടികള്‍ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം തത്വാധിഷ്ഠിതമായി നടക്കണം. ഗൗരവകരമായി ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നും രാജ നിര്‍ദേശിച്ചു. ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ ജനാധിപത്യ മതേതര പാര്‍ട്ടികളും ഒരുമിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു. മതേതര ജനാധിപത്യ പാര്‍ട്ടികള്‍ പരസ്പര വിശ്വാസത്തോടെ യോജിക്കണം, പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം കൂട്ടണം. രാഷ്ട്രീയ പ്രമേയത്തില്‍ തുറന്ന ചര്‍ച്ച വേണമെന്നും ഭേദഗതികളുണ്ടെങ്കില്‍ ഉയര്‍ന്ന് വരണം ഡി.രാജ നിര്‍ദേശിച്ചു.
അതേസമയം, നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസവും വിമതസ്വരവും നിലനില്‍ക്കെ സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. പ്രായപരിധി , പദവി തര്‍ക്കങ്ങള്‍ നിനലില്‍ക്കേ, പതാക ഉയര്‍ത്താന്‍ വൈകിയെത്തിയാണ് സി. ദിവാകരന് പ്രതിഷേധമറിയിച്ചത്. കാനം രാജേന്ദ്രന് ദീപശിഖ തെളിയിച്ചതിന് പിന്നാലെ നേതാക്കളെല്ലാം കൊടിമരച്ചുവട്ടിലേക്ക് നീങ്ങി. പലവട്ടം വിളിച്ചിട്ടും പതാക ഉയര്‍ത്തേണ്ട സി.ദിവാകരനെത്തിയില്ല. ഒടുവില്‍ നേതാക്കള്‍ നേരിട്ട് പോയി വിളിച്ചു. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനമെന്ന സി. ദിവാകരന്റെ ആമുഖത്തോടെയാണ് പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിനൊരുങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രായപരിധി തീരുമാനത്തിലെ കേന്ദ്ര നിലപാടും സമ്മേളന ഗതി നിയന്ത്രിക്കും.