BREAKING NEWSKERALA

പാര്‍ട്ടി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി; ‘യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമംനടക്കുന്നില്ല’

തിരുവനന്തപുരം: കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന സിപിഎം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ലെന്നും ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നായിരുന്നു സിപിഎം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചത്.
ക്യാമ്പസുകളില്‍ യുവതികളെ വര്‍ഗീയതയിലേക്ക് അകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇന്റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിക്കുന്നതായി മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വര്‍ഗീയതയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പൊതുവില്‍ സമാധാനാന്തരീക്ഷമാണുള്ളത്. അതേസമയം, ഇത്തരം നീക്കങ്ങള്‍ തടയാന്‍ ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ നല്‍കി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഇത് തടയാന്‍ രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരേ നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker