BREAKING NEWSKERALA

‘പാര്‍ട്ടി സമ്മേളനങ്ങളില്‍ പൊലീസിനെതിരേയുള്ള വിമര്‍ശനങ്ങള്‍ സ്വാഭാവികം’: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പൊലീസിനെതിരേ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍ . ചില സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി പറഞ്ഞു.
സി പി എം ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ജില്ലാ സമ്മേളനങ്ങളില്‍ വരെ പൊലീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ വാര്‍ത്തകളെ ശരിവയ്ക്കുകയാണ് പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ സി പി എം സെക്രട്ടറി. പൊലീസ് സേനയിലെ ചിലര്‍ ഒറ്റപ്പെട്ട ആക്ഷേപങ്ങള്‍ക്ക് ഇട വരുത്തുന്നുണ്ട്. അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്‌കാരത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന പൊലീസ് സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ സേനയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയ സമീപനത്തില്‍ ഊന്നി ചില സംഭവങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ചില വിമര്‍ശനങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ വന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. അതിനപ്പുറം പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന നിലപാട് പാര്‍ടിയുടെ ഒരു സമ്മേളനവും സ്വീകരിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു.
പൊലീസിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം എല്‍ഡിഎഫ് ഭരണം നല്‍കിയിട്ടുണ്ട്. സി പി എം പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പൊലീസ് സ്റ്റേഷനുകളില്‍ പോകുന്നതിന് തടസ്സമില്ല. ന്യായമായ കാര്യങ്ങള്‍ക്കുവേണ്ടി സിപി എം പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ ചെല്ലാം. പക്ഷേ, പൊലീസിന്റെ നീതിനിര്‍വഹണത്തില്‍ ഇടപെടാന്‍ പാടില്ല എന്നതാണ് പാര്‍ട്ടി നിലപാട്. കൊടും കുറ്റവാളികള്‍ക്കുവേണ്ടി ആരും ഇടപെടരുതെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കുന്നു.
ആഭ്യന്തരഭരണം മോശമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ല. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പാര്‍ട്ടി സമ്മേളനം ആവശ്യപ്പെട്ടു എന്ന മാധ്യമവാര്‍ത്ത ഭാവനാസൃഷ്ടി മാത്രമാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ വരാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മികച്ച പൊലീസ് ഭരണമുള്ള കേരളത്തെ ഇടിച്ചുതാഴ്ത്താനാണെന്നും കോടിയേരി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker