വാഷിങ്ടന്‍: യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാണ്‍ഡ് ട്രംപിന്റെ ട്വിറ്റര്‍, ഫെയ്സ്ബുക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. 12 മണിക്കൂര്‍ നേരത്തേക്ക് അക്കൗണ്ട് മരവിപ്പിച്ചതായി ട്വിറ്റര്‍ അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ട്രംപ് നടത്തിയ അടിസ്ഥാന രഹിതമായി പരാമര്‍ശങ്ങളാണ് കാപ്പിറ്റോളിലെ അക്രമസംഭവങ്ങളിലേക്കു നയിച്ചതെന്ന നിഗമനത്തിലാണ് ഈ തീരുമാനം.
സംഭവുമായി ബന്ധപ്പെട്ട് ട്രംപിന്റെ മൂന്ന് ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. പ്രകോപനപരമായ ഈ ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ ട്രംപിന് മുന്നറിയിപ്പ് നല്കി. നയലംഘനം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ 24 മണിക്കൂറത്തേക്ക് ട്രംപ് തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റു ചെയ്യുന്നത് തടയുമെന്ന് ഫെയ്സ്ബുക്കും ട്വീറ്റ് ചെയ്തു. ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ ഫെയ്സ്ബുക്കും യുട്യൂബും നീക്കം ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യമായതിനാല്‍ ട്രംപിന്റെ വിഡിയോ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുന്നുവെന്നാണ് ഫെയ്സ്ബുക് വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.
അതേസമയം, അക്രമത്തെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു. അമേരിക്കയില്‍ അരങ്ങേറിയത് കലാപമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈ!ഡന് ആവശ്യപ്പെട്ടു. ട്രംപിനെ പരസ്യമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് രംഗത്തെത്തി.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് യുഎസ് കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ പ്രതിഷേധം. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകടന്ന അക്രമാസക്തരായ പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കോണ്‍ഗ്രസിലെ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയുധധാരികളായ നൂറുകണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ വളഞ്ഞ് അക്രമം അഴിച്ചുവിട്ടത്. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്. സെനറ്റര്‍മാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ട്രംപ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. അതേസമയം, വിജയം തന്നോടൊപ്പമെന്ന് ആവര്‍ത്തിച്ച ട്രംപ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.