BREAKING NEWSKERALALATEST

‘പാറമടക്കാരന്റെ വണ്ടിയില്‍ എംഎല്‍എ ബോര്‍ഡുമായി നടക്കുന്ന സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റേത് അഭിസാരികയുടെ ചാരിത്ര്യപ്രസംഗം’: ഷോണ്‍ ജോര്‍ജ്

കോട്ടയം: കൂട്ടിക്കല്‍ ദുരന്തത്തിന് പിന്നാലെ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും പിസി ജോര്‍ജ് എംഎല്‍എ യും തമ്മിലുള്ള പോര് മുറുകുകയാണ്. ദുരന്തത്തിന് കാരണം പാറമടകള്‍ ആണെന്നും ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിസി ജോര്‍ജ് പാറമട ലോബിയുടെ ആളാണ് എന്ന മറുപടിയുമായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രംഗത്തുവന്നു. മൂന്നിലവ് പി സി ജോര്‍ജിന് പാറമട ഉണ്ടായിരുന്നു എന്നും സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് പിസി ജോര്‍ജ് എംഎല്‍എ യുടെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ…
താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. പാറമടകാരന്റെ വണ്ടിയില്‍ എം.എല്‍.എ ബോര്‍ഡ് വെച്ച് നടക്കുന്ന താങ്കള്‍ ഇതു പറഞ്ഞു കേട്ടപ്പോള്‍ ഒരു അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമായാണ് എനിക്ക് തോന്നിയത്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പരിസ്ഥിതി ലോല പ്രദേശമായ തീക്കോയില്‍ അടച്ചു പൂട്ടിപ്പോയ പാറമട തുറന്നു നല്‍കാം എന്ന വാഗ്ദാനത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താങ്കള്‍ക്കുവേണ്ടി ഏറ്റവുമധികം പണം മുടക്കിയ പാംമ്പ്‌ലാനിയില്‍ വക്കച്ചന്റെ മകന്‍ ഡേവിസ് പാംമ്പ്‌ലാനിയുടെതല്ലെ ഈ വണ്ടി. ഇതേ പാറമടക്കാരനും കുടുംബവുമാണ് 66 കോടി രൂപ അനുവദിച്ചിട്ടുള്ള ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നതും
ഇനി താങ്കള്‍ പറഞ്ഞ കാര്യത്തിലേക്ക് കടക്കാം. എന്നെ ഒരു വലിയ പാറമട മാഫിയയായി ചിത്രീകരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എനിക്ക് ഒരു പാറമട ഉണ്ടായിരുന്നു,2013ല്‍ ഞാനിത് വിറ്റൊഴിഞ്ഞു. അത് പാറമട ഒരു മോശം ബിസിനസ് ആണെന്നോ, അത് നടത്തുന്നവര്‍ എല്ലാം വൃത്തികെട്ടവന്മാര്‍ ആണെന്ന അഭിപ്രായം ഉള്ളതുകൊണ്ടോ അല്ല ഞാന്‍ ഈ കച്ചവടം അവസാനിപ്പിച്ചത്. മറിച്ച് ഞാന്‍ ഈ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത് താങ്കളെ പോലെ ദേഹത്തിന് കുറുകെ മാത്രമല്ല, എന്റെ മനസ്സിന്റെ കുറുകെ കൂടിയാണ്. ഒരു പൊതു പ്രവര്‍ത്തകന്‍ പൊതുരംഗത്ത് മാത്രമല്ല വ്യക്തിജീവിതത്തിലും ശുദ്ധിയോട് കൂടി ജീവിക്കണമെന്നാണ് എന്റെ പിതാവ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. ചിട്ടിക്കമ്പനിയും,വട്ടിപ്പലിശയും കൊണ്ട് ജീവിതം നയിക്കുന്നവര്‍ക്ക് അത് മനസ്സിലാകണമെന്നില്ല. ഈ വെള്ള വസ്ത്രം ധരിച്ചു കൊണ്ട് കൈക്കൂലി കൊടുക്കാന്‍ എന്റെ മനസ്സ് അനുവദിക്കാത്തതു കൊണ്ടാണ് ഞാന്‍ ആ ബിസിനസ് വേണ്ടെന്ന് വച്ചത്.
ഒരു കാര്യം എടുത്തു പറയട്ടെ പാറമടകളും, ക്രഷറുകളും നാടിന്റെ നിര്‍മ്മാണ രംഗത്ത് ഒരു അഭിവാജ്യ ഘടകം തന്നെയാണ്. പക്ഷേ അത് എവിടെ നടത്തുന്നു, അത് പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്നുണ്ടോ എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. താങ്കള്‍ ഇന്നലെ വാനോളം പുകഴ്ത്തിയ പിണറായി സര്‍ക്കാര്‍ 2018ലെ പ്രളയത്തിന് ശേഷം മാത്രം 223 ക്വാറികള്‍ക്കാണ് പെര്‍മിറ്റ് നല്‍കിയത് എന്ന് ഓര്‍ത്താല്‍ നന്ന്.
ഇപ്പോള്‍ താങ്കള്‍ക്ക് ഇത്രയും പ്രകോപനം ഉണ്ടാകാന്‍ കാരണം പ്രളയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണെങ്കില്‍ അത് ഇനിയും തുടരുക തന്നെ ചെയ്യും. ഉരുള്‍പ്പൊട്ടലിന് 24 മണിക്കൂറിന് ശേഷം ഇളംകാട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ക്രമീകരണങ്ങള്‍ വിലയിരിത്തുമ്പോള്‍ ആ ക്യാമ്പ് സര്‍ക്കാര്‍ അംഗീകരിചിട്ടില്ലാത്തതിനാല്‍ അവിടെ സര്‍ക്കാര്‍ സഹായം നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞ വില്ലേജ് ഓഫീസറെ വിമര്‍ശിച്ചത് തെറ്റാണെങ്കില്‍ ഞാന്‍ അത് ഇനിയും ചെയ്യും. പ്രളയം കഴിഞ്ഞ് മൂന്നാം ദിവസവും ഉരുള്‍പ്പൊട്ടലുണ്ടായ പ്രധാന മേഖലകളായ പ്ലാപ്പള്ളിയിലേക്കുള്ള ഗതാഗതം പോലും പുനസ്ഥാപിക്കാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തത് തെറ്റാണെങ്കില്‍ അത് ഇനിയും ചെയ്യും.കൂട്ടിക്കലിലേക്ക് ഈരാറ്റുപേട്ടയില്‍ നിന്നുള്ള പ്രധാന പാതകളായ കൈപ്പള്ളി-ഏന്തയാര്‍ റോഡ്, അടിവാരം-കൊടുങ്ങ-ഇളംകാട് റോഡ് എന്നിവ മൂന്നു ദിവസമായിട്ടും തുറക്കാത്തത് പോലെയുള്ള നടപടികള്‍ ചോദ്യം ചെയ്യാന്‍ തന്നെയാണ് ഇനിയും ഉദ്ദേശം.
പ്രളയ സമയത്ത് കൈയില്‍ കിട്ടിയതുമായി ജീവനുംകൊണ്ടോടി ക്യാമ്പില്‍ എത്തിയവര്‍ക്ക് അടിയന്തിര ധനസഹായമായ പതിനായിരം രൂപ പോലും നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യുക തന്നെ ചെയ്യും.
പുഴയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും, വേണ്ടിവന്നാല്‍ നിയമം കൈയിലെടുത്ത് മണല്‍ വാരല്‍ സമരം ആരംഭിക്കുകയും ചെയ്യും.
ഇതൊന്നും ഒരു പക്ഷേ എന്തിനാണെന്ന് ഒരു വട്ടി പലിശക്കാരന് മനസ്സിലാവണമെന്നില്ല കാരണം നമ്മള്‍ രണ്ട് പേരും വളര്‍ന്നു വന്ന സാഹചര്യവും,വളര്‍ത്തിയവരുടെ പ്രേത്യേകതകള്‍ കൊണ്ടുമാകാം.കഴിഞ്ഞ അഞ്ച് മാസങ്ങള്‍ കൊണ്ട് മുന്‍ എം.എല്‍.എ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയല്ലാതെ നൂറ് രൂപയുടെയെങ്കിലും ഭരണാനുമതി ഈ നാടിന് വേണ്ടി നേടിയെടുക്കാന്‍ കഴിയാത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്തിനെ വികസന കാര്യങ്ങളിലും, പദ്ധതി തുക ചിലവഴിക്കുന്നതില്‍ കേരളത്തില്‍ 14ആം സ്ഥാനത്ത് എത്തിച്ച താങ്കളുടെ ഭരണ പാഠവം ജനങ്ങള്‍ തിരിച്ചറിയാതിരിക്കാനാണ് ഈ കസറത്തെങ്കില്‍ ആയിക്കോളൂ. പക്ഷേ ദുരന്ത സമയത്ത് ഒരു എം. എല്‍.എ ഇത്രയും തരം താഴരുതായിരുന്നു.
ജനിച്ച നാള്‍ മുതല്‍ ഈ നാട് എന്റെ മനസ്സിന്റെ വികാരമാണ്. ഞാന്‍ കണ്ടതും, കേട്ടതും, വളര്‍ന്നതും പൂഞ്ഞാര്‍ എന്ന വികാരത്തിന് ഒപ്പമാണ്. അത് മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും…

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker