പാലക്കാട്: എലപ്പുള്ളിയിലെ കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ്. ആണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. വെള്ളിയാഴ്ച എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ. പ്രവര്ത്തകന് സുബൈറിനെ വെട്ടിക്കൊന്ന സംഭവത്തിലാണ് ആര്.എസ്.എസിനെതിരേ എസ്.ഡി.പി.ഐ. രംഗത്തെത്തിയത്. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, അക്രമിസംഘം ഉപയോഗിച്ച കാര്‍ നേരത്തെ മമ്പറത്ത് കൊല്ലപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിന്റേതാണെന്നും സംശയമുണ്ട്. KL 11 AR 641 എന്ന നമ്പറിലുള്ള കാറിലെത്തിയാണ് അക്രമിസംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. സുബൈറിനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഈ കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. പിന്നാലെ പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിന്റെ കൈകളിലും കാലുകളിലും തലയിലും ഉള്‍പ്പെടെ വെട്ടേറ്റു. ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബൈക്കില്‍നിന്ന് വീണ് സുബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.
പള്ളിയില്‍നിന്ന് പുറത്തിറങ്ങി വീടിന് മുന്നില്‍ എത്തിയപ്പോള്‍ ഒരു കാര്‍ റോഡില്‍ കുറുകെ കിടക്കുന്നതാണ് കണ്ടതെന്ന് സമീപവാസിയും പ്രതികരിച്ചു. വാഹനാപകടമാണെന്ന് ആദ്യം കരുതിയത്. ഓടിയെത്തിയപ്പോഴാണ് സുബൈറിനെ വെട്ടേറ്റനിലയില്‍ കണ്ടതെന്നും സമീപവാസി മാധ്യമങ്ങളോട് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ നേതാവ് കൂടിയാണ് കൊല്ലപ്പെട്ട സുബൈര്‍. സംഭവമറിഞ്ഞ് നിരവധി എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയില്‍ എത്തിയത്. എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് കനത്ത ജാഗ്രതയിലാണ്. സുരക്ഷയും നിരീക്ഷണവും ശക്തമാക്കണെന്നു ഡിജിപി നിര്‍ദേശം നല്കി.