പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍ടി.സി. ബസിന് പിറകില്‍ ഇടിച്ചുമറിഞ്ഞ് ഒന്പതുപേര് മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
മരിച്ചവരില്‍ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരത്തില്‍ ഓമനക്കുട്ടന്റെ മകന് അനൂപാണ് (22) പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. വസ്ത്രത്തില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് പേരുവിവരം കിട്ടിയത്. ഇയാള്‍ സൂപ്പര്‍ഫാസ്റ്റിലെ യാത്രക്കാരനാണെന്ന് കരുതുന്നു.
അധ്യാപകനായ വിഷ്ണുവും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേരുമാണ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഹിത് രാജും (24) അപകടത്തില്‍ മരിച്ചു. ജില്ലാ ആശുപത്രിയില്‍ മരിച്ച മറ്റു മൂന്നുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പര്‍ഫാസ്റ്റ് ബസ് കൊട്ടാരക്കരയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.
മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. അപകടസമയത്ത് മഴയുണ്ടായിരുന്നതും ദുരന്തത്തിന്റെ ആക്കം കൂട്ടി. അപകടസ്ഥലത്തു ശരീര അവശിഷ്ടങ്ങളടക്കം ചിതറിക്കിടക്കുകയാണ്.
സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയപ്പോള്‍ രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ഥിയുമടക്കം മൂന്നുപേര്‍ ബസിനടിയിലുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി എല്‍ദോയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആകെ 10 പേരെയാണ് പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഒരു ആംബുലന്‍സില്‍ ഒരു കൈപ്പത്തി മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീണ്‍ വര്‍ഗീസ് (തിരുപ്പൂര്‍), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുള്‍ റൗഫ് (പൊന്നാനി).
തൃശ്ശൂരില്‍ ചികിത്സയിലുള്ളവര്‍: ഹരികൃഷ്ണന് (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിന് ജോസഫ് (15), ജനീമ (15), അരുണ്‍കുമാര്‍ (38), ബ്ലെസ്സന്‍ (18), എല്‍സില്‍ (18), എല്‍സ (18).