BREAKINGKERALA
Trending

പാലക്കാട് വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാട്: ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞുനിന്ന പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ക്ലൈമാക്‌സിലേക്ക്. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. മോക്ക് പോളിങ് അതിരാവിലെ എല്ലാ ബൂത്തുകളിലും പൂര്‍ത്തിയായി.
പാലക്കാടിന്റെ വോട്ടര്‍മാരുടേത് മതേതര മനസ്സാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയുമെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിന്റെ പ്രതികരണം. മണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്.
പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്ന് തെളിയിക്കണം. മെട്രോമാന്‍ ഇ.ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍.
മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ടമായി 38 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് പൂര്‍ത്തിയായി ആറരയോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരും.

Related Articles

Back to top button