
പാലക്കാട് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം ജില്ലാ ആശുപത്രിയിലെ അഞ്ച് ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. ആലത്തൂർ സബ് ജയിലിൽ തടവുകാരനും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 172 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
ജില്ലാ ആശുപത്രിലെ ജീവനക്കാർക്ക് കോവിഡ് പടർന്ന് പിടിക്കുകയാണ്. ഡി.എം.ഒയും ജില്ലാ ആശുപത്രി സൂപ്രണ്ടും ഉൾപ്പെടെ നിരീക്ഷണത്തിൽ തുടരുകയാണ്. ജീവനക്കാർ കൂട്ടത്തോടെ നിരീക്ഷണത്തിൽ പോയതോടെ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. നിലവിൽ 20 ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്. വാഴംപുറം സ്വദേശിയായ സ്ത്രീക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമല്ല. ആലത്തൂർ സബ് ജയിലിൽ കഴിയുന്ന റിമാന്റ് പ്രതിക്കും കോവിഡ് പോസിറ്റീവായി. മുണ്ടൂർ സ്വദേശിയായ തടവുപുള്ളിക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം 30ആം തിയ്യതിയാണ് ഇയാളെ ജയിലിലാക്കിയത്.
അബൂദബിയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശിക്കും മരുതൂർ സ്വദേശിക്കും കോവിഡ് പോസിറ്റീവായി. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേർ മഞ്ചേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ജില്ലയിൽ 30 പേർ ഇന്നലെ രോഗമുക്തരായി. 172 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ 108 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് പുതുതായി 108 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 34 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കുമാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് 10, പത്തനംതിട്ട 9, ആലപ്പുഴ, കോഴിക്കോട് 4 വീതം തിരുവനന്തപുരം, ഇടുക്കി, എറണാകുളം 3 വീതം കോട്ടയം 2മാണ് മറ്റ് പോസിറ്റീവ് കേസുകൾ. രോഗം സ്ഥിരീകരിച്ച 108 പേരിൽ 98 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 1000 കവിഞ്ഞു. അതേസമയം രോഗ വിമുക്തി നേടുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായി.
പുതുതായി 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ആകെ 762 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. പുതുതായി 10 ഹോട്ട് സ്പോട്ടുകൾ കൂടി നിലവിൽ വന്നു. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.