പാലക്കാട്: പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറി സംബന്ധിച്ച ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാന്‍ പറയുകയായിരുന്നു എന്‍എന്‍ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പൊട്ടിത്തെറിച്ചു.
മാറ്, മാറ്, മാറ് എന്ന പലതവണ പറഞ്ഞശേഷം മാറാന്‍ പറഞ്ഞാല്‍ മാറിക്കോളണമെന്ന് പറഞ്ഞുകൊണ്ട് ആക്രോശിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുതെന്നും കോലുംകൊണ്ട് എന്റെ മുന്നിലേക്ക് വരണ്ടെന്നും കൃഷ്ണദാസ് രോഷത്തോടെ പറഞ്ഞു. പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിക്കാന്‍ നേരത്തെ കൃഷ്ണദാസ് വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്. ആരോട് ചര്‍ച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടന്നും കൃഷ്ണദാസ് പറഞ്ഞു.
51 Less than a minute