BREAKING NEWSKERALA

പാലങ്ങളുടെ ഫ്‌ലക്‌സില്‍ സുധാകരന്റെ പടമില്ല, കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങളെ മറക്കരുത്; ക്ഷുഭിതനായി സുധാകരന്‍

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുന്‍ മന്ത്രി ജി സുധാകരന്‍. കഴിഞ്ഞ സര്‍ക്കാരില്‍ താന്‍ ചെയ്ത കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമര്‍ശനം. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടന്‍ നടക്കാനിരിക്കെയാണ് വിമര്‍ശനം വന്നത്.
കൊമ്മാടി ശവകോട്ട പാലങ്ങളുടെ നിര്‍മ്മാണം താന്‍ മന്ത്രി ആയിരിക്കെയാണ് തുടങ്ങി വെച്ചത്. താന്‍ മന്ത്രി ആയിരിക്കെ 500 പാലങ്ങളുടെ നിര്‍മാണം നടത്തി. എന്നാല്‍ അതെ കുറിച്ച് എവിടെയും പറയുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങളെ മറക്കുന്നത് ശരിയായ നടപടി അല്ലെന്നും സുധാകരന്‍ പറയുന്നു. ഉത്ഘാടനമായി ബന്ധപ്പെട്ട പോസ്റ്ററുകളില്‍ എവിടെയും സുധാകരന്റെ പേരോ പടമോയില്ല. 24 ന് റിയാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ സുധാകരന്റെ പടമില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍, ആരിഫ്, ചിത്തരഞ്ജന്‍, റിയാസ് എന്നിവരുടെ ചിത്രങ്ങളുണ്ട്.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്.
അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാന്‍ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.
2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്‌കരമായിരുന്നു. ആദ്യം കുഴികള്‍ നികത്തി ടൈലിട്ട് പാലങ്ങള്‍ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്.
കഴിഞ്ഞ സര്‍ക്കാരില്‍ ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഈ സര്‍ക്കാര്‍ വന്ന് 2021 ല്‍ തന്നെ പാലം പൂര്‍ത്തിയാക്കേണ്ടത് ആയിരുന്നു, എന്നാല്‍ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോയി. ഇപ്പോള്‍ പൂര്‍ത്തിയായത് ഏറെ ആശ്വാസകരമാണ്.
ഈ രണ്ടു പാലങ്ങള്‍ അടക്കം 8 പാലങ്ങള്‍ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഗവണ്‍മെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ ചെയ്ത് പണം അനുവദിച്ചത്.
ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി – കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാല്‍പ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയില്‍ മൊത്തം 70ല്‍പ്പരം പാലങ്ങളുമാണ് ഡിസൈന്‍ ചെയ്തത്.
ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്‍മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു.
ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താന്‍. ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ഇത് എത്രമാത്രം സഹായമാണ്.
എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ ഗവണ്‍മെന്റ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല.
ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവണ്‍മെന്റും ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker