നർകോട്ടിക് ജിഹാദ് ആരോപണത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. പാലാ ബിഷപ്പ് പ്രതികരിച്ചത് മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ്. വിശ്വാസികളോട് ഇത്തരം വിപത്തിൽ പെടാതെ ജാഗരൂഗരായി ഇരിക്കാനുള്ള നിർദേശമാണ് അദ്ദേഹം നൽകിയത്. അതിനാൽ ബിഷപ്പിന്റെ പ്രസ്താവന ഒരു സമുദായത്തിനെതിരായി കാണേണ്ടതില്ലെന്ന് പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.
ബിഷപ്പ് ഹൗസിലേക്കുള്ള മാർച്ച് ശരിയായില്ല. എല്ലാവരും സഹകരണതിന്റെ അന്തരീക്ഷം നിലനിർത്തണമെന്ന് പിജെ ജോസഫ് പറഞ്ഞു. അതേസമയം പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തി . നർകോട്ടിക് ജിഹാദ് ആരോപണത്തിൽ പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും ക്രൈസ്തവ സമൂഹത്തെ വോട്ട് വാങ്ങാൻ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഉള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.