കോട്ടയം: പാലാ രൂപതയുടെ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ‘ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകള്‍’ രൂപവത്കരിക്കുന്നു. പാലാ ബിഷപ്പിന്റെ വിവാദമായ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെയാണ് രൂപതയുടെ കീഴിലുള്ള കെ.സി.ബി.സി. ആന്റി നാര്‍കോട്ടിക് സെല്ലുകള്‍ രൂപവത്കരിക്കുന്നത്. മദ്യലഹരിമരുന്ന് ഉപയോഗം തടയാനാണ് സെല്ലുകള്‍ രൂപവത്കരിക്കുന്നതെന്നാണ് കെ.സി.ബി.സി.യുടെ വിശദീകരണം.
നേരത്തെ പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങളില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സ്വന്തം സമുദായത്തിലെ യുവാക്കള്‍ ലഹരി ഉപയോഗത്തിലേക്ക് പോകാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണമെന്നായിരുന്നു വിമര്‍ശനം. ഇതുകൂടി കണക്കിലെടുത്താണ് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി ആന്റി നാര്‍കോട്ടിക് ജാഗ്രത സെല്ലുകളും രൂപവത്കരിക്കുന്നത്. സമുദായത്തിലെ യുവാക്കള്‍ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് കടക്കാതിരിക്കാനുള്ള കരുതലാണ് ഇത്തരം സെല്ലുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിശദീകരണം. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, പാലാ ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു. മതമേലധ്യക്ഷന്മാര് മിതത്വം പാലിക്കണമെന്നും എന്‍.എസ്.എസിന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹമെന്ന വജ്രായുധം ഉപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദ പ്രവര്‍ത്തനം നാട്ടില്‍ പലയിടത്തുമുണ്ടെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇത്തരക്കാരെ കണ്ടുപിടിച്ച് അമര്‍ച്ച ചെയ്യേണ്ട ബാധ്യത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയും പരിവേഷം നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.