KERALALATEST

പിഎസ്‌സി തെറ്റ് തിരുത്തി, ശ്രീജയ്ക്ക് ജോലികിട്ടി

കോട്ടയം: അര്‍ഹതപ്പെട്ടിട്ടും കൈവിട്ടുപോയ സര്‍ക്കാര്‍ജോലി ശ്രീജയെ തേടിയെത്തി. പത്തനംതിട്ട കുളത്തൂര്‍ ചെറിയമുളയ്ക്കല്‍ എസ്. ശ്രീജയ്ക്കാണ് കോട്ടയം പി.എസ്.സി. ഓഫീസില്‍ നിന്ന് നിയമനപത്രിക നല്‍കിയത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അസി.സെയില്‍സ്മാന്‍ റാങ്ക്‌ലിസ്റ്റിലാണ് ശ്രീജ ഉള്‍പ്പെട്ടിരുന്നത്. ജോലി വേണ്ടെന്ന് ഇവരുടെ അതേപേരുള്ള മറ്റൊരാള്‍ വ്യാജസമ്മതപത്രം നല്‍കിയതോടെ ശ്രീജയെ പി.എസ്.സി. റാങ്ക് പട്ടികയില്‍നിന്നും നീക്കം ചെയ്തിരുന്നു.
കോട്ടയം എസ്.പി.ക്കും പി.എസ്.സിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ അറിയാതെ കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി എസ്. ശ്രീജയാണ് സമ്മതപത്രം നല്‍കിയതെന്ന് ബോധ്യപ്പെട്ടതോടെയാണ് അനുകൂല നടപടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ശ്രീജയ്ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വ്യക്തമാക്കി.
മാധ്യമങ്ങള്‍ തന്റെ പ്രയാസം ലോകത്തെ ബോധ്യപ്പെടുത്തിയതാണ് നീതി ഉറപ്പാക്കിയതെന്ന് ശ്രീജ പ്രതികരിച്ചു. ഭര്‍ത്താവ് സുരേഷിനൊപ്പം കോട്ടയം പി.എസ്.സി. ഓഫീസില്‍ എത്തിയ ഇവര്‍ക്ക് രേഖകള്‍ പരിശോധിച്ച് ഉത്തരവ് കൈമാറി. വളരെ പ്രയാസപ്പെട്ട് ജീവിക്കുന്ന കുടുംബത്തിനുള്ള അവസാന ആശ്രയമായിട്ടാണ് ഈ ജോലി കാത്തിരുന്നത്. ഇത് മറ്റാരോ തട്ടിക്കളഞ്ഞെങ്കിലും സത്യം ബോധ്യമായി പി.എസ്.സി. നീതി കാണിച്ചതില്‍ അവര്‍ നന്ദി അറിയിച്ചു.
2018 മേയ് 30ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ 233ാം റാങ്കായിരുന്നു ശ്രീജയ്ക്ക്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിച്ചിരുന്നു. അവശേഷിക്കുന്നവരില്‍ ജോലിക്ക് അര്‍ഹതയുള്ളവരില്‍ രണ്ടാമതായിരുന്നു ശ്രീജയ്ക്ക് സ്ഥാനം. ഇതിനിടെയാണ് ജോലി വേണ്ടെന്നു കാണിച്ച് ശ്രീജയുടെ പേരില്‍ പി.എസ്.സിക്ക് സമ്മതപത്രം കിട്ടുന്നത്. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി എസ്. ശ്രീജയാണ് ഈ സമ്മതപത്രം നല്‍കിയതെങ്കിലും പട്ടികയില്‍നിന്നും ഒഴിവായത് കുളത്തൂര്‍ സ്വദേശിനി എസ്. ശ്രീജയാണ്. പേരും ഇനീഷ്യലും മാത്രമേ പി.എസ്.സി. പരിശോധിച്ചുള്ളൂവെന്നാണ് സൂചന. ഫോട്ടോയും വിലാസവും ഒത്തുനോക്കിയിരുന്നുവെങ്കില്‍ തെറ്റ് ബോധ്യപ്പെടുമായിരുന്നു. ഈ പിഴവാണ് കുളത്തൂര്‍ സ്വദേശി ശ്രീജയ്ക്ക് വിനയായത്.
പി.എസ്.സി. നടത്തിയ അന്വേഷണത്തിലാണ് മൈനാഗപ്പള്ളി സ്വദേശിനിയെ കണ്ടെത്തിയത്. ഇവര്‍ സിവില്‍ സപ്ലൈസ് ജോലിക്ക് പരീക്ഷ എഴുതിയിരുന്നില്ല. റാങ്ക് ഹോള്‍ഡേഴ്‌സ് പ്രവര്‍ത്തനങ്ങളിലൂടെ അറിയാവുന്ന സനില്‍ കെ.പിള്ള നിര്‍ദേശിച്ചതുപ്രകാരമാണ് ജോലി വേണ്ടെന്ന് സത്യവാങ്മൂലം എഴുതിക്കൊടുത്തതെന്നാണ് മൈനാഗപ്പള്ളി സ്വദേശിനി അറിയിച്ചത്. പല പി.എസ്.സി. പരീക്ഷകള്‍ എഴുതിയതിനാല്‍ അതില്‍ സിവില്‍ സപ്ലൈസ് ജോലിക്കുള്ളതും ഉണ്ടായിരുന്നു എന്ന ധാരണയിലാണ് ഇത് ചെയ്തത്. റവന്യൂവകുപ്പില്‍ ജോലി ഉള്ളതിനാല്‍ മറ്റാര്‍ക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്നുകരുതി. വിവാദം വന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് താന്‍ ഈ പരീക്ഷ എഴുതിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞതെന്നും അവര്‍ മൊഴിനല്‍കി. കേസില്‍ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker