KERALALATEST

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; 50 ലക്ഷം നഷ്ടപരിഹാരം വേണം; പെണ്‍കുട്ടി ഹൈക്കോടതിയില്‍

rejithaകൊച്ചി: മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പെണ്‍കുട്ടിയേയും പിതാവിനേയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍. പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കള്ളിയെന്ന് വിളിച്ചെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
പോലീസിന്റെ പരസ്യ വിചാരണ മൂലം തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി. കുറ്റക്കാരിയായ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് സംരക്ഷിക്കുയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ആരോപണ വിധേയയായ രജിതയുടെ ഇഷ്ടപ്രകാരം സ്ഥലം മാറ്റം നല്‍കിയെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തങ്ങള്‍ക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
പരസ്യ വിചാരണ സംഭവത്തില്‍ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നാണ് ഐജി വ്യക്തമാക്കിയത്. മൊബൈല്‍ കാണാതായപ്പോള്‍ പോലീസുകാരി ജാഗ്രത പുലര്‍ത്തിയില്ല. പെണ്‍കുട്ടിയോടും പിതാവിനോടും ഇടപെടുന്നതില്‍ വീഴ്ചയുണ്ടായി. എന്നാല്‍ മോശം ഭാഷയോ ജാതി അധിക്ഷേപമോ പോലീസുകാരിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നാണ് ഐജി നിരീക്ഷിച്ചു. വിഷയത്തില്‍ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു. കൂടുതല്‍ ശിക്ഷ നല്‍കുന്നതിനുള്ള കുറ്റം പോലീസുകാരിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഐജി ഹര്‍ഷിത അട്ടല്ലൂരി ഡിജിപിക്കു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
തോന്നക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയുമാണ് ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ആറ്റിങ്ങല്‍ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയായിരുന്ന രജിത പരസ്യ വിചാരണ ചെയ്തത്. പിങ്ക് പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന തന്റെ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെന്നായിരുന്നു രജിതയുടെ ആരോപണം. മോഷ്ടിച്ച ഫോണ്‍ ജയചന്ദ്രന്‍ മകള്‍ക്ക് കൈമാറിയെന്നും രജിത ആരോപിച്ചു. അര മണിക്കൂറോളമാണ് ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ ജയചന്ദ്രനേയും മകളേയും രജിത പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്.
ഐഎസ്ആര്‍ഒയിലേക്ക് കൂറ്റന്‍ യന്ത്ര സാമഗ്രികള്‍ കൊണ്ടുപോകുന്നത് കാണാന്‍ എത്തിയതായിരുന്നു ജയചന്ദ്രനും മകളും. വാഹനം എത്താന്‍ വൈകിയതോടെ അടുത്തുള്ള കടയില്‍ പോയി വെള്ളം കുടിച്ച ശേഷം ഇരുവരും മടങ്ങിയെത്തി. നിര്‍ത്തിയിട്ട പിങ്ക് പോലീസ് വാഹനത്തിനു സമീപം നില്‍ക്കുകയായിരുന്നു ജയചന്ദ്രനും മകളും. ഇതിനിടെ പിങ്ക് പോലീസ് വാഹനത്തിനു സമീപത്തു നിന്ന രജിത ജയചന്ദ്രനോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.
ജയചന്ദ്രന്‍ സ്വന്തം ഫോണ്‍ നല്‍കിയപ്പോള്‍ ഇതല്ല, വാഹനത്തില്‍ നിന്നും മോഷ്ടിച്ച ഫോണ്‍ നല്‍കണമെന്ന് രജിത പറഞ്ഞു. ജയചന്ദ്രന്‍ ഫോണ്‍ എടുത്തെന്നും മകള്‍ക്ക് ഫോണ്‍ കൈമാറുന്നത് താന്‍ കണ്ടതാണെന്നും രജിത ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ കുട്ടി ഉറക്കെ കരഞ്ഞതോടെ നാട്ടുകാ!ര്‍ ചുറ്റുംകൂടി. ജയചന്ദ്രന്‍ തന്റെ ഷ!ര്‍ട്ട് ഉയ!ര്‍ത്തി കാട്ടി ദേഹപരിശോധനയ്ക്ക് സന്നദ്ധനാകുകയും ചെയ്തു. ഫോണ്‍ മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞെങ്കിലും രജിത ചെവിക്കൊണ്ടില്ല. കുട്ടികളെക്കൊണ്ട് മോഷ്ടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ഇതൊക്കെ പതിവാണെന്നായിരുന്നു രജിതയുടെ ആരോപണം.
ഇതിനിടെ ദേശീയ പാതയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ രജിതയുടെ ഫോണിലേക്ക് വിളിച്ചു. സൈലന്റാക്കിയ ഫോണ്‍ വൈബ്രേഷന്‍ ഓണാക്കിയ നിലയില്‍ കാറിനുള്ളിലെ ബാഗില്‍ നിന്നും കണ്ടെത്തി. ഫോണ്‍ സ്വന്തം ബാഗില്‍ നിന്നു ലഭിച്ചിട്ടും രജിത വിട്ടുകൊടുത്തില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റൊരാള്‍ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker