BREAKING NEWSKERALALATEST

പിടികിട്ടാതെ ജനവിധി പാളിയതെവിടെ?; കോണ്‍ഗ്രസില്‍ അഴിച്ചുപണി സാധ്യത

തിരുവനന്തപുരം: വന്‍ തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു. വിവിധ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് അതേസമയം ആസൂത്രിത സ്വഭാവമില്ല. അതുകൊണ്ടു തന്നെ നേതൃത്വത്തിനെതിരെ പടയൊരുക്കത്തിലേക്കു കാര്യങ്ങള്‍ എത്തിയിട്ടുമില്ല. അതേസമയം ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന വികാരം ശക്തം.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ തോല്‍വി സംബന്ധിച്ചു ഹ്രസ്വ ചര്‍ച്ച നടത്തി. കോവിഡ് സാഹചര്യം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നേടിക്കൊടുത്ത മേല്‍ക്കൈയാണ് ഇടതുമുന്നണിയെ സഹായിച്ച പ്രധാന ഘടകം എന്ന വിലയിരുത്തലാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ ശബ്ദം വേണ്ടവിധം ജനങ്ങളിലേക്ക് എത്തിയില്ല. ഒപ്പം കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാതെ കൂടി വന്നതോടെ ഇടതു മുന്നണിക്കു കാര്യങ്ങള്‍ അനായാസമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫ്, കെപിസിസി നേതൃയോഗങ്ങള്‍ ചേരുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. തിരക്കിട്ട് ഇതു ചേരണോ എന്ന ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്. അതേസമയം പരസ്യ പ്രസ്താവനകള്‍ തുടരുന്നതിലും നല്ലതു മുന്നണി, പാര്‍ട്ടി വേദികള്‍ വിളിച്ചു ചര്‍ച്ച നടത്തുകയാണെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു പിന്നാലെയുള്ള തിരിച്ചടിയാണ് എന്നതിനാല്‍ ഒറ്റപ്പെട്ട പരാജയമായി കണക്കാക്കാന്‍ കഴിയില്ലെന്നാണു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തിരിച്ചടിക്കു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേര ലക്ഷ്യമിട്ടു പടയൊരുക്കം തുടങ്ങിയിരുന്നു. എഐസിസി ഇടപെട്ട് അതിനു തടയിടുകയും ഡിസിസി തലത്തിലും താഴേക്കും അഴിച്ചുപണി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമാണെന്ന് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പുകള്‍ ഡിസിസി പുനഃസംഘടനയ്ക്കു തടയിട്ടു. വോട്ടുറപ്പിക്കേണ്ട പ്രക്രിയ ചെയ്യേണ്ട ബൂത്ത് കമ്മിറ്റികളില്‍ 50% നിര്‍ജീവമാണ്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളില്‍ ചില അഴിച്ചുപണിക്കു ശ്രമിച്ചെങ്കിലും അതും കാര്യമായി പുരോഗമിച്ചില്ല.
ആലപ്പുഴയിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു ഡിസിസി പ്രസിഡന്റ് എം.ലിജു രാജിവച്ചതും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചതും കെപിസിസി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുന്നു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് തനിക്ക് ആരെങ്കിലും നല്‍കിയോ എന്നാണു കെപിസിസി പ്രസിഡന്റ് ചോദിക്കുന്നത്. അതുകൊണ്ടു പരാജയത്തിന്റെ പാപഭാരം തന്നില്‍ മാത്രം ചുമത്താന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് എന്നീ രണ്ടു സ്ഥാനങ്ങളിലേക്കും പുതിയവര്‍ വരട്ടെ എന്ന നിര്‍ദേശം സജീവ പരിഗണനയിലുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ മനസ്സു തുറന്നിട്ടില്ല. അദ്ദേഹം ഒഴിവാകുകയും ഉമ്മന്‍ ചാണ്ടി വീണ്ടും മാറി നില്‍ക്കുകയും ചെയ്താല്‍ വി.ഡി.സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ പരിഗണിക്കും. ഗ്രൂപ്പിന് അതീതമായി സതീശന്‍ നേതൃസ്ഥാനത്തേക്കു വരണമെന്ന് ആഗ്രഹിക്കുന്ന യുവ എംഎല്‍എമാരുണ്ട്. ഗ്രൂപ്പ് നേതൃത്വം എംഎല്‍എമാരുടെ മനസ്സറിയാനുള്ള ശ്രമങ്ങളും തുടങ്ങി.
എഐസിസി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിയമസഭാകക്ഷി യോഗം വിളിച്ച് എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷം പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദേശിക്കുന്ന കീഴ്‌വഴക്കമാണ് പിന്തുടരുന്നത്. അതിനു മുന്‍പ് ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ ശ്രമം നടത്തും.

Related Articles

Back to top button