BREAKING NEWSKERALA

പിടിച്ചുവാങ്ങിയ സീറ്റില്‍ ശോഭ പൊലിഞ്ഞു ശോഭ

തിരുവനന്തപുരം: പാര്‍ട്ടിയില്‍ വലിയ പ്രക്ഷോഭമുണ്ടാക്കി കഴക്കൂട്ടം സീറ്റ് ചോദിച്ചു വാങ്ങിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനു വന്‍ പരാജയം. ശബരിമല വിഷയം ഇളക്കിവിട്ട് സാഹചര്യം അനുകൂലമാക്കാന്‍ നോക്കിയെങ്കിലും കടകംപള്ളിയുടെ ഭൂരിപക്ഷം ഇരട്ടിയായി. കഴക്കൂട്ടത്തെ തോല്‍വി പാര്‍ട്ടിക്കുള്ളില്‍ ശോഭയുടെ പോരാട്ടത്തെ ദുര്‍ബലമാക്കും. സാഹചര്യങ്ങള്‍ അനുകൂലമായിരുന്ന മണ്ഡലം കൈവിട്ടതിന്റെ പഴിയും ശോഭയിലേക്കെത്തും.
സംസ്ഥാന നേതൃത്വത്തെ മറികടന്നു കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ശോഭ കഴക്കൂട്ടത്ത് മത്സരിക്കാനെത്തിയത്. വി.മുരളീധരന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് മത്സരിക്കാനായിരുന്നു താല്‍പര്യം. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
തന്നെ നേതൃസ്ഥാനത്തുനിന്നും പിന്തള്ളാന്‍ ശ്രമിക്കുന്ന വി.മുരളീധരനെതിരെ ശോഭാസുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു സ്ഥാനാര്‍ഥിയായി. വി.മുരളീധരന്റെ തട്ടകത്തില്‍ ശോഭ സ്ഥാനാര്‍ഥിയാകുന്നത് തടയിടാന്‍ കോണ്‍ഗ്രസ് വിട്ടുവരുന്ന ഉന്നതനേതാവിനെ മത്സരിപ്പിക്കുമെന്ന പ്രചാരണമുയര്‍ത്തിയെങ്കിലും ഒന്നും നടന്നില്ല. ദേശീയ നേതൃത്വം പ്രഖ്യാപിച്ചപ്പോഴാണ് ശോഭ സീറ്റുറപ്പിച്ച കാര്യം മുരളീധരപക്ഷം അറിയുന്നത്.
കേരളത്തില്‍ ഏറ്റവും ശക്തമായി ശബരിമല വിഷയം ഉന്നയിക്കപ്പെട്ട മണ്ഡലമാണ് കഴക്കൂട്ടം. എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തിനു സ്വാധീനമുള്ള മേഖലകളുള്ള സ്ഥലങ്ങളില്‍ ഈ പ്രചാരണം തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്കെത്തി. പാര്‍ട്ടിയില്‍ തന്നെ ഒതുക്കുന്നതായി പരാതി പറഞ്ഞ ശോഭ ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കെ.സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ തുടര്‍ച്ചയായി കേന്ദ്ര നേതൃത്വത്തെ സമീപിക്കുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് പാര്‍ട്ടി പരിപാടികളില്‍ സജീവമായതും പിന്നീട് കഴക്കൂട്ടം സീറ്റില്‍ മത്സരിക്കാനെത്തുന്നതും.

Related Articles

Back to top button