BREAKING NEWSLATESTNATIONAL

പിണങ്ങിക്കഴിയുന്ന ഭാര്യയ്ക്ക് വരനെത്തേടി ഓണ്‍ലൈനില്‍ പരസ്യം ചെയ്ത ഭര്‍ത്താവ് ജയിലില്‍

തിരുവള്ളൂര്‍: ഭാര്യയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയ്ക്കടുത്ത് മാട്രിമോണിയല്‍ സെന്ററില്‍ ഭാര്യയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 34 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ ജില്ലയ്ക്കടുത്തുള്ള ഉളുന്ധൈ ഗ്രാമത്തില്‍ നിന്നുള്ള പത്മനാഭന്റെ പരാതിയിയെത്തുടര്‍ന്നാണ് മകള്‍ ജാന്‍സിയുടെ ഭര്‍ത്താവ് ഓംകുമാറിനെ പോലീസ് അറസ്‌റ് ചെയ്തത്.
അഞ്ച് വര്‍ഷം മുന്‍പ് വിവാഹിതരായ ജാന്‍സിയും ഓംകുമാറും അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും ഇരുവരും തമ്മിലുള്ള നിരന്തരമായ തര്‍ക്കങ്ങള്‍ കാരണം ഓംകുമാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങി. ജാന്‍സി അതെ സമയം മകനുമൊത്ത് അമേരിക്കയില്‍ തുടര്‍ന്നു. കഴിഞ്ഞ മൂന്നര വര്‍ഷമായി വേര്‍പിരിഞ്ഞാണ് ജാന്‍സിയും ഓംകുമാറും താമസിക്കുന്നത്.
അതിനിടെ ഓംകുമാര്‍ ചെന്നൈക്കടുത്ത് പൂനമല്ലിയിലെ കുടുംബ കോടതിയില്‍ വിവാഹമോചനത്തിനായി ഫയല്‍ ചെയ്തു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് തിരുവള്ളൂര്‍ ജില്ലയിലെ ഒരു പ്രമുഖ മാട്രിമോണിയല്‍ സെന്ററില്‍ ജാന്‍സിയ്ക്ക് വരനെ അന്വേഷിക്കുകയാണെന്ന് പരസ്യം വന്നത്. അച്ഛന്‍ പത്മനാഭന്റെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജാന്‍സിയെ വിവാഹം കഴിക്കാന്‍ താല്പര്യം അറിയിച്ച് നിരവധി ഫോണ്‍ കോളുകള്‍ വന്നതോടെ പത്മനാഭന്‍ ആശയക്കുഴപ്പത്തിലായി.
മകള്‍ക്ക് വരനെത്തേടി പ്രൊഫൈല്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് പത്മനാഭന്‍ വ്യക്തമാക്കി. തുടര്‍ന്ന് അന്വേഷണം നടത്തി തന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവള്ളൂരിലെ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി. അപ്പോഴാണ് ജാന്‍സിയുടെ ഭര്‍ത്താവ് തന്നെയാണ് വില്ലന്‍ എന്ന് മനസ്സിലായത്. വിവാഹമോചനം വൈകുന്ന ദേഷ്യത്തില്‍ ഭര്‍ത്താവാണ് ജാന്‍സിയുടെ പ്രൊഫൈല്‍ സൃഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
പോലീസ് പിന്നീട് ഓംകുമാറിനെ അറസ്റ്റ് ചെയ്യുകയും തിരുവള്ളൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് തിരുവള്ളൂര്‍ ബ്രാഞ്ച് ജയിലിലേക്ക് മാറ്റുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker