BREAKING NEWSKERALALATEST

പിണറായിയും സുധാകരനും ഒരുമിച്ചല്ല പഠിച്ചത്; മുഖ്യമന്ത്രി പറഞ്ഞത് തുടക്കം മാത്രം: ബാലന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണം തുടക്കം മാത്രമെന്ന് മുന്‍ മന്ത്രി എ.കെ.ബാലന്‍. പാര്‍ട്ടിക്കെതിരായ പരിഹാസത്തിന് ഒരു ഘട്ടം കഴിഞ്ഞാല്‍ ശക്തമായ മറുപടി നല്‍കും. സുധാകരന്‍ പറഞ്ഞത് ഇല്ലാത്ത കാര്യങ്ങളാണ്. ബിജെപി അധികാരത്തില്‍ വന്നാലും ഇടതുപക്ഷം വരരുതെന്നാണ് സുധാകരന്റെ നിലപാടെന്നും ബാലന്‍ പറഞ്ഞു.
‘പിണറായി വിജയനും സുധാകരനും ഒരുമിച്ച് പഠിച്ചിട്ടേയില്ല. പിണറായി വിജയന്‍ പോയതിനു ശേഷമാണ് സുധാകരന്‍ ബ്രണ്ണന്‍ കോളജില്‍ ചേരുന്നത്. അദ്ദേഹം ചേര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഞാന്‍ കോളജില്‍ ചേരുന്നത്. ഞാന്‍ അവിടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഇയാള്‍ ബിഎക്കാരനാണ്.
കെഎസ്‌യുവിന്റെ കൂത്തരങ്ങായിരുന്നു ആ കോളജ്. ഒരു സമരം നടത്തിയാല്‍ വിജയിപ്പിക്കില്ല, ലോങ് ബെല്ല് അടിക്കാന്‍ സമ്മതിക്കില്ല, സമരവുമായി ബന്ധപ്പെട്ട് ആരെങ്കിലും വന്നാല്‍ അവരെ തല്ലും ഇങ്ങനെയുള്ള ഘട്ടം ഉണ്ടായിരുന്നു. അതിനെയെല്ലാം കെഎസ്എഫ് ചെറുത്തുനിന്നു. ഈ ഘട്ടത്തിലാണ് 1969ല്‍ ടി.വി.ബാലന്‍മാഷ് എന്ന് പറയുന്ന ഒരു ഇംഗ്ലിഷ് ലക്ചര്‍ ക്ലാസ് എടുക്കുന്ന സമയത്ത് ആ ക്ലാസ് ബഹിഷ്‌കരണത്തിനായി ഞാന്‍ പോയത്.
കെഎസ്‌യുകാര്‍ ക്ലാസ് ബഹിഷ്‌കരിക്കാന്‍ സമ്മതിച്ചില്ല. അന്നു സംസ്ഥാന അടിസ്ഥാനത്തില്‍ ക്ലാസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തതാണ് പിണറായി വിജയന്‍ സെക്രട്ടറി ആയിട്ടുള്ള കെഎസ്എഫ്. കോളജിലെത്തിയ പിണറായി വിജയന്‍ ഞാനും സുധാകരനും തമ്മിലുള്ള ബഹളം കേട്ട് സയന്‍സ് ബ്ലോക്കില്‍ വന്നു. ഒരു തല്ലിന്റെ ഘട്ടം വന്ന സമയത്ത് അത് ഒഴിവായി. ആ ഒഴിവായതിന്റെ രംഗമാണ് പിണറായി സൂചിപ്പിച്ചത്’– ബാലന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അതിരൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരനെ കടന്നാക്രമിച്ചത്. കോളജില്‍വച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ‘അന്ന് സുധാകരന്‍ സമരത്തിന്റെ മുന്നിലുണ്ട്. സംഗതി കൈവിട്ടുപോയി. അന്ന് ഞാന്‍ ഇയാള്‍ക്ക് നേരെ നോക്കി എന്റെ കൈകൂട്ടിയിടിപ്പിച്ച് ശബ്ദമുണ്ടാക്കി. പിന്നാലെ ചില വാക്കുകളും പ്രയോഗിച്ചു.
അന്ന് ഇയാളുടെ സുഹൃത്തായിട്ടുള്ള ബാലന്‍ എന്റെ നേര്‍ക്ക് വന്ന് പറഞ്ഞു. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്ന്. അന്ന് ഞാന്‍ പറഞ്ഞു. പിടിച്ച് കൊണ്ടുപോടാ… ആരാ ഇവന്‍… അപ്പോള്‍ അവനെ ആളുകള്‍ പിടിച്ചുമാറ്റി. ഇതാണ് സംഭവിച്ചത്. അന്ന് കോളജ് വിട്ടൊരു വ്യക്തി എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ അവിടം കൊണ്ട് നിന്നതെന്നു സുധാകരന്‍ മനസ്സിലാക്കണം. ഓര്‍ത്താല്‍ നല്ലത്..’– പിണറായി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker