കുണ്ടറ: സി.പി.എം.മണ്‍റോത്തുരുത്ത് ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു തുടര്‍ച്ചയായുണ്ടാകുന്ന വിവാദവിഷയങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായ തകര്‍ക്കുന്നെന്നും പിണറായിയെ മുന്‍നിര്‍ത്തി ഇനി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നും പ്രതിനിധികള്‍ പറഞ്ഞു.
ഗുരുവന്ദനം ചടങ്ങില്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതെ അനാദരം കാട്ടിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. നവകേരള സദസ്സിന് സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതല്ലാതെ എന്തു ഗുണമാണ് ജനങ്ങള്‍ക്കുണ്ടായതെന്നു അംഗങ്ങള്‍ ചോദിച്ചു. വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ നവോത്ഥാനസമിതി പിരിച്ചുവിടണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി തീരുമാനങ്ങളും പരിപാടികളും യുക്തിപൂര്‍വം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറിക്കു കഴിയുന്നില്ലെന്നും ആരോപണമുണ്ടായി. ലോക്കല്‍ കമ്മിറ്റിയില്‍ മത്സരം തടഞ്ഞ കുന്നത്തൂര്‍ ഏരിയ ഭാരവാഹികളുടെ നടപടിയെയും അംഗങ്ങള്‍ ചോദ്യംചെയ്തു. ഏരിയ പ്രതിനിധികളുടെ പാനല്‍ അവതരിപ്പിച്ചപ്പോഴും പലരും എതിര്‍ത്തു. ഒരുബ്രാഞ്ചിലെ മൊത്തം നാലുപ്രതിനിധികളില്‍ മൂന്നുപേരും ഒരേവീട്ടിലെ അംഗങ്ങളായിരുന്നു.
പാനല്‍ പാസ്സായതായി പ്രസീഡിയം പറഞ്ഞപ്പോള്‍ പ്രതിഷേധിച്ച അംഗങ്ങള്‍ പുറത്തുപോയി. ഏരിയ ഘടകം നിര്‍ദേശിച്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനു കരുണാകരനാണ് പുതിയ എല്‍.സി.സെക്രട്ടറി
58 Less than a minute