ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടി വന്ന ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് മത്സരിക്കുക. മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാകുന്ന കാര്യം മറിയക്കുട്ടി തന്നെയാണ് പറഞ്ഞത്.
ഇതാണ് അടുത്ത ലക്ഷ്യം എന്നും, അതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായും മറിയക്കുട്ടി പറഞ്ഞു. നാട് കട്ടുമുടിച്ച് പെൻഷൻകാരുടെ ചട്ടിയില്‍ പിണറായി മണ്ണുവാരിയിട്ടു. കുടുംബക്കാർക്ക് വേണ്ടി അഴിമതി ഭരണം നടത്തുകയാണെന്നും അവർ ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയായണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വിലയിരുത്തിയിരുന്നു. ക്ഷേമപെൻഷനായി കാത്തിരിക്കുന്ന ആയിരങ്ങളുടെ ശബ്ദമായാണ് മറിയക്കുട്ടി പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയത്. സംഭവത്തെ ഹൈക്കോടതിക്ക് മുന്നിലെത്തിക്കാനും അവർക്ക് സാധിച്ചു. പ്രതിമാസം 1,600 രൂപ കൊടുക്കാനില്ലേ എന്ന് കോടതി ആരാഞ്ഞപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായമായിരുന്നു സർക്കാരിനുണ്ടായിരുന്നത്.